പൊടിയരി കയറ്റുമതി നിരോധനം കേന്ദ്രം നീക്കി

പൊടിയരി കയറ്റുമതി നിരോധനം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അരി കയറ്റുമതി വ്യാപാരികള്‍ക്കു പകരുന്നത് ആശ്വാസം. അടുത്ത മാര്‍ച്ച് 31 വരെ 3.97 ലക്ഷം ടണ്‍ പൊടിയരി കയറ്റുമതി ചെയ്യാനാണ് അനുമതി. വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കാനുമായി സെപ്റ്റംബര്‍ 9 നാണു കേന്ദ്രം പൊടിയരി കയറ്റുമതി നിരോധിച്ചത്. സെപ്റ്റംബര്‍ 8 നു മുന്‍പ് ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ് ഓപ്പണ്‍ ചെയ്ത വ്യാപാരികള്‍ക്കാണു കയറ്റുമതിക്ക് അനുമതി.

രാജ്യത്തെ നെല്ല് ഉല്‍പാദനത്തിലും ഭക്ഷ്യധാന്യ ശേഖരത്തിലും കുറവുണ്ടായതു പരിഗണിച്ചായിരുന്നു കയറ്റുമതി നിരോധനം. അപ്രതീക്ഷിതമായി കയറ്റുമതി നിരോധിച്ചതോടെ 4 ലക്ഷം ടണ്‍ പൊടിയരി വിവിധ തുറമുഖങ്ങളിലും വെയര്‍ഹൗസുകളിലും കെട്ടിക്കിടന്നു നശിക്കുന്ന സ്ഥിതിയാണെന്നു റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ വാണിജ്യ മന്ത്രാലയത്തിനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കയറ്റുമതി വ്യാപാരി സമൂഹത്തിന്റെ തുടര്‍ച്ചയായ അഭ്യര്‍ഥന പരിഗണിച്ചാണു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിലക്കു നീക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്രം അനുകൂല നിലപാടു സ്വീകരിച്ചിരുന്നില്ലെങ്കില്‍ കയറ്റുമതി വ്യാപാരികള്‍ക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടം നേരിടേണ്ടി വരുമായിരുന്നു.

 

Related posts