ലാഭത്തില്‍ റെക്കോഡിട്ട് ഫെഡറല്‍ ബാങ്ക്‌

ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി ഫെഡറല്‍ ബാങ്ക്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം സാമ്പത്തിക പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 703.71 കോടി രൂപ. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 460.26 കോടി രൂപയായിരുന്നു അറ്റാദായം. ഏതെങ്കിലും ഒരു ഘടകമല്ല, എല്ലാ മാനദണ്ഡങ്ങളിലും മികച്ച പ്രകടനം നടത്തുന്നതാണു ബാങ്കിനെ ചരിത്ര നേട്ടത്തിലേക്കു നയിച്ചതെന്നു മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

ആസ്തി വരുമാനവും ഓഹരി വരുമാനവും വളര്‍ച്ചയുടെ പാതയിലാണ്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.46 % മാത്രമാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനവും. വായ്പ ചെലവ് 53 ബേസ് പോയിന്റ് എന്ന മികച്ച നിയന്ത്രിത തോതിലാണ്. മികച്ച പ്രവര്‍ത്തനം തുടര്‍ന്നും നിലനിര്‍ത്തുന്നതിനാണു ശ്രമിക്കുന്നത്” – അദ്ദേഹം പറഞ്ഞു.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 171994.74 കോടി രൂപയായിരുന്ന നിക്ഷേപം 189145.71 കോടി രൂപയായി വര്‍ധിച്ചു. വായ്പ നല്‍കുന്നതിലും വര്‍ധനയുണ്ടായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 137313.37 കോടി രൂപയില്‍ നിന്ന് 163957.84 കോടി രൂപയായി. 4031.06 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി.

Related posts