പാഴ്‌സലെത്തിക്കാന്‍ ഡ്രോണ്‍

എമിറേറ്റ്സ് പോസ്റ്റ് സൈറ്റുകളിലേക്ക് പാഴ്സലുകളും, രേഖകളും എത്തിക്കാന്‍ ഏരിയല്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ യുഎഇ. അബുദാബി പോര്‍ട്ട് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ മക്ത ഗേറ്റ്വേ, യുഎഇ ഔദ്യോഗിക തപാല്‍ ഓപ്പറേറ്ററായ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്, ഏരിയല്‍ ലോജിസ്റ്റിക്സ് പ്രൊവൈഡറായ സ്‌കൈഗോ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹ്രസ്വദൂര യാത്രകളോടെ ആരംഭിക്കുന്ന സര്‍വീസ് പിന്നീട് ദീര്‍ഘദൂരമായി വ്യാപിപ്പിക്കും. മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷണം, അടിയന്തിര രേഖകള്‍ എന്നിവ ആവശ്യക്കാരിലേയ്ക്ക് വേഗത്തിലെത്തിക്കാനാകുന്ന സംവിധാനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സംയോജിത ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസായ മാര്‍ഗോ ഹബുപയോഗിച്ച് മക്ത ഗേറ്റ്വേ, എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിനും, ഉപഭോക്താക്കള്‍ക്കുമിടയിലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സുഗമമാക്കും.
യുഎഇയുടെ ഔദ്യോഗിക തപാല്‍ ഓപ്പറേറ്ററായ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പായിരിക്കും ട്രാക്കിംഗ്, സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത്. തത്സമയ ട്രാക്കിംഗിനുള്ള ഓപ്ഷനോടു കൂടിയ സംവിധാനത്തില്‍, ഡ്രോണ്‍ സൊല്യൂഷനുകള്‍ നല്‍കുന്നത് സ്‌കൈ ഗോ ആയിരിക്കും.

 

Related posts