ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി വ്യവസായ ഓഫീസ് കുന്നുകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഖാദി വ്യവസായരംഗത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 10 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. പരമാവധി ഉത്പാദനം ലക്ഷ്യമിട്ടാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഖാദി വ്യവസായ മേഖലയില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കും. 42 കോടി രൂപയുടെ വില്‍പ്പനയാണു ഖാദി മേഖലയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 100 കോടി രൂപയുടെ വില്‍പ്പന നടത്താനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഖാദി വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ എല്ലാം കുടുംബങ്ങളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഖാദി വസ്ത്രം ധരിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വ്യവസായരംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭകത്വ വര്‍ഷം പദ്ധതി വളരെ മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നത്. ആറു മാസം പിന്നിടുമ്പോള്‍ 69,714 സംരംഭങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചു. ഇതുവഴി 15 ലക്ഷം പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കുകയും 4370 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുകയും ചെയ്തു. ഖാദി മേഖലയില്‍ 7000 സംരംഭങ്ങള്‍ തുടങ്ങാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗത ശൈലിയില്‍ നിന്നും മാറി പുതിയ ഫാഷനിലും സാങ്കേതികവിദ്യയിലും വൈവിധ്യങ്ങളായ വസ്ത്രങ്ങളാണ് ഖാദി ബോര്‍ഡ് ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്. വിവാഹ വസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഡോക്ടേഴ്സ്-നഴ്സസ് കോട്ടുകള്‍ എന്നിവ വിപണിയിലെത്തിച്ച് കഴിഞ്ഞു. ഫാഷന്‍ ഡിസൈനിംഗില്‍ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി വസ്ത്ര യൂണിറ്റിനൊപ്പം ചേര്‍ക്കുന്നതിനു ശ്രമിക്കണം. ഇവര്‍ക്കു പരിശീലനം നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.