സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയര്‍ത്തി. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
മൂന്ന് മാസം വരെയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 7.35 ശതമാനത്തില്‍ നിന്ന് 7.60 ശതമാനമായി എസ്ബിഐ ഉയര്‍ത്തി. ആറ് മാസത്തെ വായ്പ നിരക്ക് 7.65 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായും ഉയര്‍ത്തി. ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായും രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ ബാങ്കുകള്‍ നിക്ഷേപ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. എസ്ബിഐയും നിക്ഷേപ പലിശ വര്‍ദ്ധിപ്പിച്ചിരുന്നു. 2 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വര്‍ദ്ധിപ്പിച്ചത്. ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയര്‍ത്തിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക് 3 ശതമാനം മുതല്‍ 5.85 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 6.65% ശതമാനം വരെയും പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.