ഇലക്ട്രിക് വാഹനങ്ങള്‍ കൂളാക്കാന്‍ നാസയും

നാസയുടെ സ്‌പേസ് കൂളിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഇലക്ട്രിക്ക് വാഹനങ്ങള്‍ അഞ്ചു മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം. ബഹിരാകാശത്ത് ഉപയോഗിക്കുന്നതിനായി നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ വികസിപ്പിച്ച ടെക്‌നോളജിക്ക് നിലവിലുള്ളതിലും വേഗതയില്‍ ഇലക്ട്രിക് വണ്ടികള്‍ ചാര്‍ജ് ചെയ്യുവാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയുമെന്ന് നാസ പറഞ്ഞു. ബഹിരാകാശത്തെ ചില വൈദ്യുത സംവിധാനങ്ങളില്‍ ശരിയായ താപനില നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച സങ്കീര്‍ണ്ണമായ കൂളിംഗ് ടെക്‌നിക്, നിലവില്‍ വിപണിയിലുള്ള മറ്റ് ഇലക്ട്രിക് വാഹന ചാര്‍ജറുകളേക്കാള്‍ അഞ്ചിരട്ടി കറന്റ് നല്‍കുമെന്ന് നാസ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ‘Subcooled flow boiling’ എന്ന നാസയുടെ ഹീറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റത്തിന് ഉയര്‍ന്ന ചാര്‍ജ് വഹിക്കുന്ന കേബിളുകളെ തണുപ്പിക്കാന്‍ കഴിയുമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ നാസ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നാസയിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ Flow Boiling and Condensation Experiment (FCBE)-ലൂടെയാണ് ഹീറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം കണ്ടുപിടിച്ചത്. ഭാവിയിലെ നാസ ദൗത്യങ്ങള്‍ക്ക് നൂതന കൂളിംഗ് സംവിധാനങ്ങള്‍ ആവശ്യമായി വരുന്നതിന്റെ ഭാഗമാണ് ഈ പരീക്ഷണങ്ങള്‍. ചാര്‍ജിങ് വേഗത കൂട്ടുമ്പോള്‍, ബാറ്ററി അമിതമായി ചൂടാകുന്നതിനാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാന്‍ സമയമെടുക്കും. ഇതാണ് അവയുടെ ഏറ്റവും വലിയ പോരായ്മയും. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ് ഈ പുതിയ സാങ്കേതികവിദ്യ. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനും ലോകമെമ്പാടും അവയ്ക്കുള്ള സ്വീകാര്യത വര്‍ധിപ്പിക്കാനും ആകുമെന്ന് നാസ പോസ്റ്റിലൂടെ അറിയിച്ചു. 2030 ഓടെ രാജ്യത്തുടനീളം 500,000 ഇലക്ട്രിക് കാര്‍ ചാര്‍ജറുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് സര്‍ക്കാര്‍ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണ്. നിലവില്‍, ചില ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 20 മിനിറ്റോളം വേണ്ടിവരും. വീടുകളില്‍ ദിവസങ്ങളോളം സമയവും വേണ്ടിവരാറുണ്ട്.

Related posts