സ്‌കൂളുകളില്‍ ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ് ആരംഭിക്കുന്ന ആദ്യ രാജ്യമായി മാറാന്‍ ഇന്ത്യ. കല, സാമൂഹിക ശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകവും, നൂതനവുമായ പരിഹാരം കണ്ടെത്താന്‍ ഡിസൈന്‍ തിങ്കിംഗ് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. നൈപുണ്യ വികസന പാഠ്യപദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷം തന്നെ പല സ്‌കൂളുകളിലും ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കോഴ്സ് ആരംഭിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷന്‍ സെല്ലും, ഐഐടി ബോംബെയിലെ അദ്ധ്യാപകരും ചേര്‍ന്നാണ് കോഴ്‌സിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണം, കണ്ടെത്തല്‍, വിശകലനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളുള്‍ക്കൊള്ളുന്നതാണ് ഡിസൈന്‍ തിങ്കിംഗ് ആന്റ് ഇന്നൊവേഷന്‍ കോഴ്സ്.
അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന നിലവിലുള്ള നൈപുണ്യ പാഠ്യപദ്ധതി ഒരു ഓപ്ഷണല്‍ വിഷയമാണ്, പരീക്ഷകള്‍ പാസാകാന്‍ ഇതൊരു മാനദണ്ഡമായിരിക്കില്ല. 7 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ തിങ്കിംഗ് സംബന്ധിക്കുന്ന പ്രത്യേക പാഠ്യപദ്ധതി പുറത്തിറക്കാനാണ് നിലവില്‍ സിബിഎസ്ഇ പദ്ധതിയിടുന്നത്. ഡിസൈന്‍ തിങ്കിംഗ് കൂടാതെ, കോഡിംഗ്, ഡാറ്റ സയന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, എന്നിവയുള്‍പ്പെടുന്ന മറ്റ് 11 നൈപുണ്യ കോഴ്‌സുകള്‍ക്കായുള്ള കോഴ്സ് മെറ്റീരിയലുകളും സിബിഎസ്ഇ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്.