ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി

ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) ജനപ്രിയ വിനോദ സഞ്ചാര പാക്കേജ് ടൂറായിരുന്ന ഭാരത് ദര്‍ശന്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. പ്രതിദിനം 900 രൂപ മാത്രം ചെലവു വരുന്ന 10,15 ദിന ബജറ്റ് ടൂര്‍ പാക്കേജുകളായിരുന്നു ഭാരത് ദര്‍ശന്റെ ഭാഗമായുണ്ടായിരുന്നത്. സ്വകാര്യ ടൂറിസ്റ്റ് ട്രെയിനുകളുടെ കടന്നു വരവോടെയാണു ഭാരത് ദര്‍ശന്‍ ട്രെയിന്‍ ഓടിക്കുന്നതു ഐആര്‍സിടിസി അവസാനിപ്പിച്ചത്.

രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ബന്ധിപ്പിച്ചുള്ള ചെലവുകുറഞ്ഞ യാത്രകളായിരുന്നു പ്രധാന ആകര്‍ഷണം. സ്ലീപ്പര്‍ ക്ലാസ് യാത്ര, വെജിറ്റേറിയന്‍ ഭക്ഷണം, താമസം, ഗൈഡിന്റെ സേവനം തുടങ്ങിയവയുണ്ടായിരുന്നു. തീര്‍ഥാടകര്‍ ഏറെ ആശ്രയിച്ചിരുന്ന ഭാരത് ദര്‍ശന്‍ രാമായണ യാത്രയും നിര്‍ത്തലാക്കിയിട്ടുണ്ട്.

ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണു സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു ടൂറിസ്റ്റ് ട്രെയിനോടിക്കാന്‍ അനുമതി നല്‍കിയത്. ദക്ഷിണ റെയില്‍വേയില്‍ 2 സ്വകാര്യ ഓപ്പറേറ്റര്‍മാരാണുള്ളത്. ഇവരുടെ ഏറ്റവും കുറഞ്ഞ പാക്കേജില്‍ പോലും പ്രതിദിനം 2000 രൂപയ്ക്കടുത്തു ചെലവുണ്ട്. അതനുസരിച്ചുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് ഓപ്പറേറ്റര്‍മാരുടെ വാദം.

 

Related posts