റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 3.87 കോടിയുടെ വരുമാനം- മന്ത്രി മുഹമ്മദ് റിയാസ്

റസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ഒരു വര്‍ഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനം നേടിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. 1.52 കോടി രൂപ ചെലവില്‍ എരുമേലിയില്‍ നിര്‍മിച്ച പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയ കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ വരെ 3,87,72,210 രൂപയുടെ വരുമാനം നേടി. 65,000 ആളുകള്‍ ഒരു വര്‍ഷത്തിനിടയില്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി. റസ്റ്റ് ഹൗസ് ജനകീയമാക്കിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ റസ്റ്റ് ഹൗസില്‍ താമസിച്ചവരുടെ അഭിപ്രായങ്ങള്‍ കൂടി ശേഖരിച്ച് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണ സൗകര്യങ്ങളുറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനിലൂടെ റസ്റ്റ് ഹൗസില്‍ മുറികള്‍ ബുക്ക് ചെയ്യാം. സന്നിധാനം സത്രത്തില്‍ ഒരു ഡോര്‍മെറ്ററി കൂടി തയാറാക്കും. സത്രത്തിലെ ഡോര്‍മെറ്ററികളും മുറികളും ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. തീര്‍ത്ഥാടകരുടെ ക്ഷേമത്തിന് ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. ശബരിമല തീര്‍ത്ഥാടനത്തിനുപയോഗിക്കുന്ന 19 റോഡുകളില്‍ 16 റോഡുകളും മികവുറ്റതാക്കി. മറ്റ് മൂന്നു റോഡുകളുടെ നിര്‍മാണം ചീഫ് എന്‍ജിനീയര്‍മാര്‍ ക്യാമ്പ് ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Related posts