വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴയിട്ടു. ഇന്ത്യയില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്. ഇന്ത്യയില്‍ ഗൂഗിള്‍ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി.
ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായുള്ള ആന്‍ഡ്രോയ്ഡ് ലൈസന്‍സിങ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നല്‍കല്‍ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്. പല ആപ്പുകളും ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ഡ് ആണ്. ഇതെല്ലാം വിപണിയിലെ ആധിപത്യത്തിന്റെ ദുരുപയോഗമെന്നാണ് വിലയിരുത്തല്‍.
ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് 30 ദിവസമാണ് ഗൂഗിളിന് നല്‍കിയിരിക്കുന്ന സാവകാശം. ദക്ഷിണ കൊറിയയില്‍ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വര്‍ഷമാണ്. സാംസങ് പോലെയുള്ള സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി.