ചൊവ്വാഴ്ച വാട്‌സ്ആപ്പ് നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഐടി മന്ത്രാലയം. ടെക്സ്റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കള്‍ രംഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങള്‍ പുനരാരംഭിച്ചത്.
ഈ വിഷയത്തില്‍ വാട്ട്‌സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയില്‍, ‘സാങ്കേതിക പിശക്’ ആണ് തകരാറിന് കാരണമായതെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു.”ഞങ്ങളുടെ ഭാഗത്തെ സാങ്കേതിക പിശകിന്റെ ഫലമാണ് നേരത്തെ സംഭവിച്ച തടസം, ഇപ്പോള്‍ അത് പരിഹരിച്ചു” എന്നാണ് മെറ്റയുടെ വക്താവ് പറഞ്ഞത്. ഔട്ടേജ് റിപ്പോര്‍ട്ടുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നതനുസരിച്ച്, ആപ്പ് പ്രവര്‍ത്തനരഹിതമായ സമയത്ത് 29,000-ലധികം റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ഡിറ്റക്ടറിലെ ഉപയോക്താക്കള്‍ ഫ്‌ലാഗ് ചെയ്തു.
2021 ഒക്ടോബറിലാണ് ഇതിന് മുന്‍പ് സമാനമായ രീതിയില്‍ തടസപ്പെടല്‍ നേരിട്ടത്. അന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയെല്ലാം തടസ്സപ്പെട്ടിരുന്നു. ഡിഎന്‍എസ് (DNS) തകരാറിനെ തുടര്‍ന്നാണ് അന്ന് ഏകദേശം ആറ് മണിക്കൂറോളം മെറ്റ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.