സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കമ്മിറ്റി രൂപികരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതോടെ സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്‌നങ്ങളെയും കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്ന രീതിയ്‌ക്കെതിരെ ഉപയോക്താക്കള്‍ക്ക് തന്നെ പരാതികള്‍ നല്‍കാനാകും. ഇതിനാവശ്യമായ അപ്പീല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ല്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാനലുകള്‍ രൂപീകരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപയോക്തൃ പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കാനും 15 ദിവസത്തിനുള്ളില്‍ അവ പരിഹരിക്കാനും ഇവ സഹായിക്കും. പരാതികളിലെ ഉള്ളടക്കങ്ങളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ മുതല്‍ നഗ്‌നത, വ്യാപാരമുദ്ര, പേറ്റന്റ് ലംഘനങ്ങള്‍, തെറ്റായ വിവരങ്ങള്‍, ആള്‍മാറാട്ടം, ഐക്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഉള്ളടക്കം അഥവാ രാജ്യത്തിന്റെ അഖണ്ഡത എന്നിവയാണ് ഉള്‍പ്പെടുക.
സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയിയില്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തിയുള്ള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം. വ്യത്യസ്ത സമൂഹമാധ്യമങ്ങള്‍ക്കൊപ്പം സമൂഹമാധ്യമ ആപ്പുകള്‍, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, ന്യൂസ് അഗ്രഗേറ്ററുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്കായി 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഐടി നിയമങ്ങള്‍ (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) വിജ്ഞാപനം ചെയ്തിരുന്നു.
ഐടി നിയമങ്ങള്‍ 2021 വഴി പരിഹാര സംവിധാനം ലഭിച്ചിട്ടും, നിരവധി ഉപയോക്തൃ പരാതികളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. ഇത് ഒരു അപ്പീല്‍ അധികാരപരിധി ചട്ടക്കൂട് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ പരാതി അപ്പീല്‍ കമ്മിറ്റിയിലും ഒരു ചെയര്‍പേഴ്സണും കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന രണ്ട് മുഴുവന്‍ സമയ അംഗങ്ങളും ഉള്‍പ്പെടും. അതില്‍ ഒരാള്‍ എക്സ്-ഓഫീഷ്യോ അംഗവും മറ്റ് രണ്ട് സ്വതന്ത്ര അംഗങ്ങളും ആയിരിക്കും ഉള്ളത്. പരാതി അപ്പീല്‍ പാനല്‍ അപ്പീല്‍ വേഗത്തില്‍ കൈകാര്യം ചെയ്യുകയും അപ്പീല്‍ സ്വീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അപ്പീലിന് പരിഹാരം കാണുന്ന തരത്തിലായിരിക്കും കമ്മിറ്റിയുടെ രൂപീകരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.