വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എല്‍) എന്ന പുതിയ കമ്പനിയാക്കിയശേഷമുള്ള ആദ്യ വാണിജ്യാധിഷ്ഠിത ഉത്പാദനം നവംബര്‍ ഒന്നിന് ആരംഭിക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചടങ്ങില്‍ മന്ത്രി രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, വി.എന്‍.വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്റാണ് ഉത്പാദിപ്പിക്കുക. 3,000 കോടി രൂപ വിറുവരവാണ് ലക്ഷ്യം. 3000 പേര്‍ക്ക് തൊഴിലും പ്രതിവര്‍ഷം അഞ്ചുലക്ഷം മെട്രിക് ടണ്‍ ഉത്പാദനശേഷിയും ഉന്നമിടുന്നു. നാലുഘട്ടങ്ങളിലായാണ് പുനരുദ്ധാരണം. നിര്‍മ്മാണപ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതിനനുസരിച്ച് നോട്ടുബുക്കുകള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകള്‍ നിര്‍മ്മിക്കും. പേപ്പര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉറപ്പാക്കാന്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തില്‍ നിന്നും വനംവകുപ്പിന്റെ തോട്ടത്തില്‍ നിന്നും 24,000 മെട്രിക് ടണ്‍ തടി സാമഗ്രികള്‍ ലഭ്യമാക്കും.
ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് മൂന്നും നാലുംഘട്ടങ്ങള്‍ക്കുള്ള തുക സമാഹരിക്കുക. 27 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന മൂന്നാംഘട്ടത്തിനായി 650 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള പാക്കേജിംഗ് ബോര്‍ഡുകളാണ് ഈ ഘട്ടത്തില്‍ ഉല്‍പാദിപ്പിക്കുക. നാലാംഘട്ടം 17 മാസം കൊണ്ട് പൂര്‍ത്തിയാക്കി പാക്കേജിംഗ് ഗ്രേഡ് പേപ്പര്‍ ഉത്പാദനം തുടങ്ങും. 350 കോടി രൂപയാണ് ഈ ഘട്ടത്തിലെ പ്രതീക്ഷിതചെലവ്.