കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും മൂലമുണ്ടായ വിലക്കയറ്റത്തിന്റെ കെടുതിയില്‍ വലയുകയാണ് ലോക രാജ്യങ്ങള്‍. ഒട്ടുമിക്ക രാജ്യങ്ങളും നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാന്‍ അടിസ്ഥാന പലിശനിരക്ക് കൂട്ടുന്നതുള്‍പ്പെടെ നടപടികളിലേക്ക് കടന്നെങ്കിലും നിയന്ത്രണാതീതമായി അവശ്യവസ്തുവില കുതിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയില്‍ നാണയപ്പെരുപ്പം സെപ്തംബറില്‍ 7.3 ശതമാനമാണ്. 32 വര്‍ഷത്തെ ഏറ്റവും ഉയരമാണിത്. ടര്‍ക്കിയില്‍ 24 വര്‍ഷത്തെ ഉയരമായ 186.27 ശതമാനം. ബ്രിട്ടന്റെ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരമായ 10.1 ശതമാനം. പ്രധാനമന്ത്രി ഋഷി സുനകിന്റെ മുന്നിലുള്ള പ്രധാനദൗത്യവും നാണയപ്പെരുപ്പ നിയന്ത്രണമാണ്. കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ കൂട്ടുകയാണെങ്കിലും അമേരിക്കയിലും നാണയപ്പെരുപ്പം പതിറ്റാണ്ടുകളുടെ ഉയരമായ 8.1 ശതമാനത്തിലാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനിയില്‍ നാണയപ്പെരുപ്പം 32 വര്‍ഷത്തെ ഉയരമായ 10.4 ശതമാനം. ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരമായ 11.9 ശതമാനം.