ലാഭട്രാക്കില്‍ കുതിക്കാന്‍ കേരള ബാങ്കുകള്‍

കിട്ടാക്കട പ്രതിസന്ധി മറികടക്കാനും ലാഭട്രാക്കില്‍ കുതിക്കാനും കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യബാങ്കുകള്‍ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2022-23) രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ/കിട്ടാക്കടനിരക്ക്) 3.24 ശതമാനത്തില്‍ നിന്ന് 24 പാദങ്ങളിലെ ഏറ്റവും കുറഞ്ഞനിരക്കായ 2.46 ശതമാനത്തിലെത്തി.

അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 1.12 ശതമാനത്തില്‍ നിന്ന് 0.78 ശതമാനത്തിലേക്കും കുറഞ്ഞു. കഴിഞ്ഞ 34 പാദങ്ങളിലെ ഏറ്റവും മികച്ച നിരക്കാണിത്. കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 53 ശതമാനം വര്‍ദ്ധിച്ച് എക്കാലത്തെയും ഉയരമായ 704 കോടി രൂപയിലുമെത്തി.

തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 6.65 ശതമാനത്തില്‍ നിന്ന് 5.67 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.85 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലേക്കും കഴിഞ്ഞപാദത്തില്‍ മെച്ചപ്പെട്ടു. ബാങ്കിന്റെ ലാഭം 187.06 കോടി രൂപയില്‍ നിന്നുയര്‍ന്ന് 223.10 കോടി രൂപയിലുമെത്തി.

തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ (മുമ്പ് കാത്തലിക് സിറിയന്‍ ബാങ്ക്) മൊത്തം നിഷ്‌ക്രിയ ആസ്തി പാദാടിസ്ഥാനത്തില്‍ 1.79 ശതമാനത്തില്‍ നിന്ന് 1.65 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.60 ശതമാനത്തില്‍ നിന്ന് 0.57 ശതമാനത്തിലേക്കും താഴ്ന്നു. ലാഭം 31 ശതമാനം കുതിച്ച് 235.07 കോടി രൂപയിലുമെത്തി.

തൃശൂര്‍ കേന്ദ്രമായുള്ള ധനലക്ഷ്മി ബാങ്കും കിട്ടാക്കടം മികച്ചരീതിയില്‍ നിയന്ത്രിക്കുന്നുണ്ട്. നടപ്പുവര്‍ഷത്തെ ഒന്നാംപാദത്തില്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി പാദാടിസ്ഥാനത്തില്‍ 9.27ല്‍ നിന്ന് 6.35 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 4.58ല്‍ നിന്ന് 2.69 ശതമാനത്തിലേക്കും താഴ്ന്നു.

 

Related posts