കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു

 

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഏകീകരിച്ചു. വിദഗ്ധ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനൊപ്പം സ്ഥാപനങ്ങള്‍ക്ക് മികവനുസരിച്ച് ഗ്രേഡിങ് നല്‍കാനും തീരുമാനമായി. ഇനി മികവും ഗ്രേഡും അനുസരിച്ചാകും ജീവനക്കാരുടെ ശമ്പളവും പ്രമോഷനും ട്രാന്‍സ്ഫറുമൊക്കെ പരിഗണിക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളെ അവയുടെ മികവനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാലായി തരംതിരിക്കും. വളര്‍ച്ചയും പ്രവര്‍ത്തനമികവും കാണിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശ്രേണിയിലേക്ക് ഉയരും. ഇങ്ങനെ എ, ബി, സി, ഡി എന്നാക്കി തിരിച്ചിരിക്കുന്നവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന എ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ ഡയമണ്ട് എന്ന് ബ്രാന്‍ഡ് ചെയ്യും. സ്ഥാപനത്തിന്റെ ആകെ മൂല്യം, വിറ്റുവരവ്, ആകെ ജീവനക്കാര്‍, ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം, നിക്ഷേപം, വില്‍പന, ആസ്തി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിക്കുന്നത്.

ഈ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഗണത്തില്‍ പെടും. ഓരോ മൂന്ന് വര്‍ഷത്തിന് ശേഷം പുനഃപരിശോധനയുണ്ടാകും. ഇങ്ങനെ ആദ്യഘട്ടത്തില്‍ പിന്നാക്കം പോയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ടുവരാന്‍ സാധിക്കും. അല്ലാത്തവ തരംതാഴ്ത്തപ്പെടും. പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിനാണ് ഇതിന്റെ ചുമതല. ക്ലാസിഫിക്കേഷന് സ്ഥാപനങ്ങള്‍ ബോര്‍ഡിന് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്ത സ്ഥാപനങ്ങളെയും നിശ്ചിത സമയപരിധിക്കുള്ളില്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റ് കൊടുക്കാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.

സ്ഥാപനങ്ങള്‍ ഏത് ഗണത്തില്‍ പെടുന്നു എന്നതനുസരിച്ച് അതിലെ ജീവനക്കാരുടെയും എം.ഡി, സി.എം.ഡി, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെയും വേതന സേവന നിരക്കുകളിലും വ്യത്യാസമുണ്ടാകും. ഇതിനൊപ്പം ഒരേ ഗണത്തില്‍ പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന് ഏകരൂപവും കൈവരും.

 

 

 

 

 

Related posts