ടാറ്റാ സ്റ്റീല്‍ മുന്‍ എംഡിയായിരുന്ന ജംഷദ് ജെ ഇറാനി അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെട്ട അദ്ദേഹം 43 വര്‍ഷമായി ടാറ്റ സ്റ്റീലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 2011 ജൂണിലാണ് ഇറാനി ടാറ്റാ സ്റ്റീല്‍ ബോര്‍ഡില്‍ നിന്ന് വിരമിച്ചത്. 1990 കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുന്‍നിരയില്‍ നിന്ന് നയിക്കുകയും, ഇന്ത്യയിലെ സ്റ്റീല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന നല്‍കുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള നേതാവായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്.
ടാറ്റ സ്റ്റീലിനും, ടാറ്റ സണ്‍സിനും പുറമെ, ടാറ്റാ സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992-93 കാലഘട്ടത്തില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ദേശീയ പ്രസിഡന്റായിരുന്നു. 1996-ല്‍ റോയല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഇന്റര്‍നാഷണല്‍ ഫെലോ ആയി നിയമിക്കപ്പെട്ടിട്ടുണ്ട്.