ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌കിനെ സഹായിക്കാനുള്ള കോര്‍-ടീമില്‍ ചെന്നൈയില്‍ നിന്നുള്ള ശ്രീറാം കൃഷ്ണനും. ട്വിറ്ററിന്റെ മുന്‍ പ്രോഡക്റ്റ് മേധാവി കൂടിയായ ശ്രീറാം നിലവില്‍ എ16സെഡ് എന്ന പ്രമുഖ യുഎസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ ജനറല്‍ പാര്‍ട്ണറാണ്. തന്റെ പഴയകാല സുഹൃത്തു കൂടിയായ ശ്രീറാം അടക്കം 5 പേരെയാണ് സഹായത്തിനായി മസ്‌ക് ഒപ്പം കൂട്ടിയിരിക്കുന്നത്.
താല്‍ക്കാലികമായിട്ടാണ് സേവനമെന്ന് ശ്രീറാം തന്നെ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും കമ്പനിയുടെ തലപ്പത്തെ പ്രധാന പദവികളിലൊന്നില്‍ അദ്ദേഹം എത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ എ16സെഡിലെ നിലവിലെ ജോലി വിടാന്‍ ആലോചനയില്ലെന്നാണ് ശ്രീറാമുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഭാര്യ ആര്‍തി ഫെയ്‌സ്ബുക്കിന്റെ മുന്‍ പ്രോഡക്ട് ഡയറക്ടറും ക്ലബ്ഹൗസിന്റെ ഇന്ത്യ മേധാവിയുമായിരുന്നു.