ഇതാദ്യമായി രാജ്യത്തേയ്ക്ക് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതെത്തി. സൗദി അറേബ്യയെയും ഇറാഖിനെയും മറികടന്നാണ് ഇറക്കുമതി വിഹിതത്തിലെ വര്‍ധനവെന്ന് എനര്‍ജി കാര്‍ഗോ ട്രാക്കറായ വോര്‍ടെക്സ് പറയുന്നു.
പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 22ശതമനമായി റഷ്യയുടെ വിഹിതം. ഇറാഖിന്റേത് 20.5ശതമാനവും സൗദിയുടേത് 16 ശതതമാനവുമായി കുറയുകയുംചെയ്തു.
മൊത്തത്തിലുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ അഞ്ചുശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലുണ്ടായ വര്‍ധന എട്ടുശതമാനമാണ്. ഇതോടെ ഇതാദ്യമായി യൂറോപ്യന്‍ യൂണിയനേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് കടല്‍വഴി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഇറക്കുമതി ചെയ്യുന്ന ചൈനയാണ് മുന്നില്‍.
യുക്രൈന് അധിനിവേശത്തെതുടര്‍ന്ന് വന്‍വിലക്കിഴിവില്‍ ക്രൂഡ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. മൊത്തം ഇറക്കുമതിയുടെ ഒരുശതമാനത്തില്‍താഴെമാത്രമായിരുന്നു 2021ല്‍ റഷ്യയില്‍നിന്നുള്ള ഇറക്കുമതി വിഹിതം. രാജ്യത്തേയ്ക്കുള്ള എണ്ണ ഇറക്കുമതിയില്‍ സൗദിയായിരുന്നു സെപ്റ്റംബറില്‍ മുന്നില്‍. ഇറാഖും യുഎഇയും മൂന്നും നാലും സ്ഥാനത്തുമായിരുന്നു. അഞ്ചാം സ്ഥാനത്താകട്ടെ യുഎസുമായിരുന്നു.