കെ.വി. കാമത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍

ബാങ്കിംഗ് രംഗത്തെ പ്രമുഖനായ കെ.വി. കാമത്തിനെ റിലയസ് ഇന്‍ഡസ്ട്രീസ് അഞ്ചുവര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. കമ്പനിയുടെ നിര്‍ദ്ദിഷ്ട ബാങ്കിതര ധനകാര്യസ്ഥാപനമായ (എന്‍.ബി.എഫ്.സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാനായി അദ്ദേഹത്തെ നിയമിക്കുന്ന പശ്ചാത്തലത്തിലാണിത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ എന്‍.ബി.എഫ്.സികളെയെല്ലാം റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്സ് എന്ന ഉപസ്ഥാനവുമായി ലയിപ്പിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന ഒറ്റക്കമ്പനിയായി മാറ്റും. തുടര്‍ന്ന് ഓഹരിവിപണിയില്‍ ലിസ്റ്റും ചെയ്യും. കെ.വി.കാമത്ത് ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കേ 1970കളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആദ്യമായി ടേം ലോണ്‍ സ്വന്തമാക്കിയത്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലെ സ്വത്ത് വിഭജനം രമ്യമായി പൂര്‍ത്തിയാക്കിയതിലും അദ്ദേഹത്തിന് പങ്കുണ്ട്. 2021ലെ ബഡ്ജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ച നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ ചെയര്‍മാനാണ് നിലവില്‍ കാമത്ത്.

 

Related posts