105 വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയത് 2019 നവംബര്‍ 29നാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഏഷ്യയിലെ ആദ്യ ഐടി ഇന്റഗ്രേറ്റഡ് സഹകരണ ബാങ്ക് എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് കേരള ബാങ്ക്. രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലേക്കെത്തിയ ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുന്നു.
നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക്
കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. മലപ്പുറം ഒഴികെ മറ്റ് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപം കൊള്ളുമ്പോള്‍ 1381.62 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം ജില്ലാസഹകരണ ബാങ്കിന് മാത്രം 700 കോടി രൂപ നഷ്ടമുണ്ടായിരുന്നു. നാമമാത്രമായ ലാഭത്തിലുണ്ടായിരുന്നത് കോഴിക്കോട്, എറണാകുളം ജില്ലാ ബാങ്കുകള്‍ മാത്രമായിരുന്നു. വെറും 50 കോടി രൂപ മാത്രമായിരുന്നു ലാഭം. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 77.24 കോടി രൂപയുടെ അറ്റലാഭം കൈവരിക്കാന്‍ കേരള ബാങ്കിന് സാധിച്ചു. പുനക്രമീകരിച്ച വായ്പയ്ക്ക് ആര്‍ബിഐ നിര്‍ദേശപ്രകാരം കൂടുതല്‍ കരുതല്‍ വച്ചതും അറ്റലാഭം കുറയാന്‍ കാരണമായിട്ടുണ്ട്. 2020-21 വര്‍ഷം 66731.61 കോടിയായിരുന്ന നിക്ഷേപം 21-22 വര്‍ഷത്തില്‍ 69973.12 കോടിയായി വര്‍ധിച്ചു. അതുപോലെ വായ്പ 39664.93 കോടിയില്‍ നിന്നും 40950.04 കോടിയായും വര്‍ധിച്ചു. 9556 കോടിയുടെ വായ്പ വര്‍ധനവാണ് ഉണ്ടായത്. നാല്‍പത്തിയെട്ട് തരത്തിലുള്ള വായ്പകളാണ് നിലവില്‍ കേരള ബാങ്കില്‍ ഉള്ളത്. സഹകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ ദേശീയ അവാര്‍ഡിനും കേരള ബാങ്ക് ഈ കാലയളവില്‍ അര്‍ഹമായി.
ബി ദി നമ്പര്‍ വണ്‍ ക്യാമ്പയിന്‍
ബി ദി നമ്പര്‍ വണ്‍ ക്യാമ്പയിന്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്. നിഷ്‌ക്രീയ ആസ്തി കുറയ്ക്കുക, ബിസിനസ് വര്‍ധിപ്പിക്കുക, നിക്ഷേപം കൂട്ടുക തുടങ്ങി എട്ട് പ്രവര്‍ത്തന മേഖലകളിലായിരുന്നു ക്യാമ്പയിനിലൂടെ ശ്രദ്ധിച്ചിരുന്നത്. അയ്യായിരത്തിലധികം വരുന്ന ജീവനക്കാരുടെയും ഭരണ സമിതിയുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ നേട്ടമുണ്ടാക്കിയത്. നാലുവര്‍ഷമായി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം മുടങ്ങി കിടക്കുകയായിരുന്നു. അത് പരിഹരിച്ചു. 247 കോടിയുടെ അരിയേഴ്സ് ഉണ്ടായിരുന്നത് വിതരണം ചെയ്തതിലൂടെ ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സാധിച്ചു.
മിഷന്‍ 100 ഡേയ്സ്
നാലുമാസം നീണ്ടു നിന്ന ബി ദി നമ്പര്‍ വണ്‍ ക്യാമ്പയിന് ശേഷം മിഷന്‍ 100 ഡേയ്സിന് രൂപം കൊടുത്തിരിക്കുകയാണ് കേരളബാങ്ക്. നിഷ്‌ക്രീയ ആസ്തി കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടു കൂടിയാണ് പ്രവര്‍ത്തനം. നിലവില്‍ 1264 കോടി രൂപയാണ് കേരള ബാങ്കിന്റെ കിട്ടാകടം. കിട്ടാകടത്തില്‍ നിന്നും 600 കോടി തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് കേരള ബാങ്ക്.
സംരംഭങ്ങള്‍ക്ക് കൈതാങ്ങ്
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി 2021-22 വര്‍ഷം ആകെ 28114 വായ്പകളിലായി 1470.92 കോടി വിതരണം ചെയ്തു. സുവിധ, സുവിധ പ്ലസ്, മിത്ര, യുവമിത്ര, ജിഎസ്ടി മിത്ര, സ്മാര്‍ട്ട്, പ്രവാസി കിരണ്‍, പ്രവാസി ഭദ്രത, ഭക്ഷ്യ സംസ്‌കരണ സൂക്ഷ്മ വ്യവസായ സംരംഭ വായ്പ എന്നിവയാണ് കേരള ബാങ്കില്‍ നിന്നുള്ള പ്രധാന എംഎസ്എംഇ വായ്പകള്‍. കാര്‍ഷിക – കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കിയ തുകകൂടി ചേര്‍ന്നാല്‍ സംരംഭങ്ങള്‍ക്ക് മാത്രമായി 5199.54 കോടി രൂപ അനുവദിച്ചു. 158732 സംരംഭങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. സംസ്ഥാനത്ത് ഐടി, ഐടി ഇതര സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചതും കേരള ബാങ്കില്‍ നിന്നാണ്. വനിത സംരംഭകര്‍ക്കായി 25000 രൂപ മുതല്‍ ആരംഭിക്കുന്ന വായ്പ പദ്ധതികള്‍ നിലവിലുണ്ട്. മഹിളാശക്തി, അന്നപൂര്‍ണ്ണ, വനിത ബിസിനസ് വായ്പ, വനിത മുദ്ര, വനിത വികസന വായ്പ, ഉദ്യോഗിനി, വനിത ശക്തി കേന്ദ്ര എന്നി ആറ് വായ്പകള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
ഐടി ഇന്റഗ്രേറ്റഡ് ബാങ്ക്
ടെക്‌നോളജിയില്‍ ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കൊപ്പം എത്താനുള്ള ശ്രമങ്ങള്‍ കേരള ബാങ്ക് ആരംഭിച്ചു കഴിഞ്ഞതായി ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കോര്‍ ബാങ്കിങ് യാഥാര്‍ത്ഥ്യമാക്കാനായി മുന്നൂറു കോടി രൂപയുടെ കരാറാണ് വിപ്രോയുമായി ഉണ്ടാക്കിയത്. ഐടി ഇന്റെഗ്രേഷന്‍ ഒന്‍പത് ജില്ലകളില്‍ പൂര്‍ത്തിയായി. ഡിസംബറോടെ എല്ലാം ജില്ലകളിലും പൂര്‍ത്തിയാകും. ഇത് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ലക്ഷക്കണക്കിന് കോടി രൂപയുടെ എന്‍ആര്‍ഐ ഫണ്ട് നേടിയെടുക്കാന്‍ കേരള ബാങ്കിന് സാധിക്കും. നിലവില്‍ 769 ബ്രാഞ്ചുകളാണ് ഉള്ളത്. മലപ്പുറം ജില്ല സഹകരണ ബാങ്ക് കൂടി ഒപ്പം ചേര്‍ക്കുന്നതൊടു കൂടി ശാഖകളുടെ എണ്ണം 821 ആയി വര്‍ധിക്കും. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കുന്നതിന് കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ചു കഴിഞ്ഞു. നിലവില്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന നിബന്ധനകള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
എന്നും സാധാരണക്കാര്‍ക്കൊപ്പം
സാധാരണ മനുഷ്യന് ആവശ്യമായ എല്ലാം തരത്തിലുള്ള വായ്പകളും നിലവില്‍ കേരള ബാങ്ക് ലഭ്യമാക്കുന്നുണ്ട്. ഭാവിയില്‍ കേരള ബാങ്കിന്റെ സാന്നിധ്യമില്ലാത്ത ഒരു ഗ്രാമീണ മേഖല പോലും ഉണ്ടാകില്ല. കാലഹരണപ്പെട്ട ശാഖകള്‍ നവീകരിക്കും. എടിഎമ്മുകളുടെ എണ്ണം വര്‍ധിപ്പിക്കും. ബാങ്കില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ ഉദാരമായ നടപടികളാണ് ബാങ്ക് ലക്ഷ്യം വെക്കുന്നത്. കേരള ബാങ്കിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് ന്യായമായ പലിശ ഉറപ്പാക്കും. രൂപീകരണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാനുള്ള നടപടികളിലാണ് കേരള ബാങ്ക്. 2023ല്‍ കാലോചിതമായ പരിഷ്‌ക്കാരത്തിനോപ്പം സാധാരണക്കാരുടെ പ്രതീക്ഷകള്‍ കൂടി നിറവേറ്റുന്ന തരത്തില്‍ ജനപ്രിയ ബാങ്കായി കേരള ബാങ്ക് രൂപപ്പെടുമെന്നും ഗോപി കോട്ടമുറിക്കല്‍ കൂട്ടിച്ചേര്‍ക്കുന്നു