സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗത്തില്‍ സംരംഭകവര്‍ഷം മുന്നേറുമ്പോള്‍ സംരംഭകര്‍ക്ക് കൂട്ടായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും പുതിയ സംരംഭക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ജനകീയമാകുന്നു. ഈ സാഹചര്യത്തില്‍ കെഎഫ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ ഐഎഎസ് സംസാരിക്കുന്നു.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി
സര്‍ക്കാറിന്റെ മുഖമുദ്രയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് കഴിഞ്ഞു. തുടക്കത്തില്‍ 50 ലക്ഷം രൂപ വായ്പ നല്‍കിയിരുന്ന ഈ പദ്ധതിയില്‍ നിലവില്‍ രണ്ടുകോടി രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്. കൂടാതെ ചെറുകിട വ്യവസായങ്ങള്‍, ആരോഗ്യപരിപാലനം, ടൂറിസം മേഖലകളിലെ സംരംഭകര്‍ക്കും പലിശനിരക്കില്‍ മുന്‍വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ വന്‍ ഇളവുകള്‍ വരുത്തി വായ്പ ലഭ്യമാക്കാന്‍ സാധിച്ചു.
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കും വായ്പ
സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന പ്രത്യേക വായ്പ പദ്ധതിയും കെഎഫ്സി നടപ്പിലാക്കിയിട്ടുണ്ട്. ഒരു സംരംഭത്തിന് 50 കോടി രൂപ വരെ ഈ പദ്ധതി വഴി വായ്പ നല്‍കുന്നു. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കും ഈ പദ്ധതിയിലൂടെ വായ്പ സഹായം ലഭ്യമാക്കുന്നതാണ്.
കെഎഫ്സി വായ്പകളില്‍ ഇളവ്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനായി ലളിതവും ആകര്‍ഷകവുമായ പലിശയില്‍ വായ്പാപദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ഈ മേഖലയില്‍ വ്യവസായങ്ങള്‍ക്കായി എംഎസ്എംഇ ബില്‍ ഡിസ്‌കൗണ്ടിംഗ് എന്ന പേരില്‍ ഒരു പുതിയ പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ വ്യവസായികള്‍ക്ക് അവര്‍ നേരിടുന്ന തുകയുടെ കൃത്യസമയത്തുള്ള ലഭ്യത കുറവ് പരിഹരിക്കാന്‍ കെഎഫ്സിക്ക് കഴിയുന്നു. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചെറുകിട – ഇടത്തരം മേഖലകകളിലെ വ്യവസായങ്ങള്‍ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വായ്പ അനുവദിക്കാന്‍ കെഎഫ്സിക്ക് കഴിഞ്ഞു. അതിലൂടെ എംഎസ്എംഇകളുടെ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും ത്വരിതപ്പെടുത്തുന്നതിലും കെഎഫ്സി വിജയം നേടുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൂടുതല്‍ പദ്ധതികള്‍
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കെഎഫ്സിയുടെ മൊത്ത വായ്പാ ആസ്തി 10000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം 500 ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി. അഞ്ച് ശതമാനം പലിശ നിരക്കില്‍ രണ്ടുകോടി രൂപ വരെ ഓരോ സംരംഭത്തിനും വായ്പ ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി നടപ്പിലാക്കിട്ടുള്ളത്. ഈ പദ്ധതിയുടെ വായ്പാ പരിധി രണ്ടുകോടി രൂപയായി വര്‍ദ്ധിപ്പിച്ച് ഈ വര്‍ഷം 500 കോടി രൂപ വായ്പ നല്‍കത്തക്ക രീതിയില്‍ പദ്ധതിയെ പുനരാവിഷ്‌കരിക്കും. ചെറുകിട-ഇടത്തര വ്യവസായങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നമായ പ്രവര്‍ത്തന മൂലധന വായ്പാ അഭാവം പരിഹരിക്കുന്നതിനായി വെര്‍ച്യുല്‍ പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി ആരംഭിക്കുന്നതാണ്. ഉദ്യം രജിസ്ട്രേഷനുള്ള ഇടത്തര-മൊത്ത കച്ചവടക്കാരെയും ഈ വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൂടാതെ കാര്‍ഷികമേഖലയെ ത്വരിതപ്പെടുത്തുന്നതിനായി കാര്‍ഷിക വ്യവസായങ്ങള്‍, അഗ്രി സ്റ്റാര്‍ട്ട്അപ്പുകള്‍, സംസ്‌കരണം, വിപണനം കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, വെയര്‍ഹൗസ്, കോള്‍ഡ് സ്റ്റോറേജ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അഞ്ച്ശതമാനം പലിശ നിരക്കില്‍ 10 കോടി രൂപ വരെ വായ്പ നല്‍കുന്ന ഒരു പ്രത്യേക പദ്ധതിയും ആവിഷ്‌കരിക്കും.