ഐടി സംരംഭങ്ങള്‍ക്ക് നല്‍കിവരുന്ന നിക്ഷേപ സബ്സിഡിയാണ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി. കേരള ഐടി മിഷനാണ് ഇത് പ്രകാരമുള്ള സബ്സിഡികള്‍ അനുവദിക്കുന്നത്. സ്ഥാപനത്തിലെ നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് അനുവദിക്കുന്നത്.
പദ്ധതി ആനൂകൂല്യങ്ങള്‍
സ്ഥിരമൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ് സബ്സിഡി അനുവദിക്കുന്നത്.
* എറണാകുളം, തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 30 ശതമാനം പരമാവധി 15 ലക്ഷം രൂപ വരെയാണ് അനുവദിക്കുക.
* ഇടുക്കി, വയനാട് ജില്ലകളിലെ ഐടി സ്ഥാപനങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 25 ലക്ഷം രൂപ വരെ സബ്സിഡിയായി നല്‍കുന്നു.
* മറ്റു ജില്ലകളിലെ ഐടി സംരംഭങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി 25 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.
അര്‍ഹത
1. ഐടി, ഐടി അധിഷ്ഠിത സംരംഭങ്ങള്‍ കേരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതാകണം.
2. പ്രത്യേക സാമ്പത്തിക മേഖലയ്ക്കകത്തുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കില്ല.
3. സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ഐടി സേവന സ്ഥാപനങ്ങള്‍, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ (പരിശീലനം ഒഴികെ), ഹാര്‍ഡ് വെയര്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ചെയ്തു വരുന്നവരുടെ സംരംഭങ്ങള്‍ക്കാണ് അര്‍ഹത.
4. അവസാന ആറുവര്‍ഷത്തിനുള്ളില്‍ ആനുകൂല്യം വാങ്ങിയവര്‍ ആകരുത്. എന്നാല്‍ ഇതില്‍ പറയുന്ന മുഴുവന്‍ തുകയും ലഭിക്കാത്ത സംരംഭങ്ങള്‍ക്ക് ബാക്കി അര്‍ഹതയുള്ള തുകക്ക് അപേക്ഷിക്കാം.
5. വിപുലീകരണം, വൈവിധ്യവത്കരണം, ആധുനികവത്കരണം എന്നിവയിലെ നിക്ഷേപവും പരിഗണിക്കും.
6. ഖാദി സംരംഭങ്ങള്‍ക്ക് അര്‍ഹതയില്ല.
7. മറ്റുള്ള പങ്കാളിത്ത സ്ഥാപനങ്ങളില്‍ 60 ശതമാനവും കമ്പനികളില്‍ 50 ശതമാനവും ഷെയര്‍ ഉള്ളവര്‍ ആകരുത്.
8. അഞ്ച് വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് എഗ്രിമെന്റ് ചെയ്യേണ്ടതാണ്.
9. പുതിയ ആസ്തികള്‍ സമ്പാദിക്കുന്നതിനാണ് സ്റ്റാന്റേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുക.
10. മെയ്- ജൂണ്‍, നവംബര്‍-ഡിസംബര്‍ മാസങ്ങളിലോ, കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന സമയത്തോ അപേക്ഷിക്കാവുന്നതാണ്.
പരിഗണിക്കുന്ന നിക്ഷേപങ്ങള്‍
സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡിക്കായി പരിഗണിക്കുന്ന സ്ഥാപനത്തിലെ നിക്ഷേപങ്ങള്‍ താഴെ പറയുന്നു.
1. കെട്ടിടത്തിന്റെ ഫര്‍ണിഷിങ്, ഇന്റീരിയര്‍ വര്‍ക്കുകള്‍
2. വൈദ്യുതീകരണം.
3. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, പ്ലാന്റ് ആന്റ് മെഷിനറികള്‍.
ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങള്‍
പദ്ധതി ഏകോപിപ്പിക്കുന്നതും അപേക്ഷകളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതും താഴെ പറയുന്ന പ്രത്യേക ധനകാര്യ സ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളുമാണ്.
1. കെഎസ്ഐഡിസി
2. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍
3. കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍
4. കേരള ഐടി പാര്‍ക്ക്
5. കേരള ഇന്‍ഫോപാര്‍ക്ക്
6. കേരള ടെക്നോപാര്‍ക്ക്
7. കേരള സൈബര്‍പാര്‍ക്ക്
ഓണ്‍ലൈന്‍ അപേക്ഷ
ഓണ്‍ലൈന്‍ ആയി വേണം അപേക്ഷ സമര്‍പ്പിക്കുവാന്‍. അതിന് മുമ്പ് ഒരു പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ നടത്തി രജിസ്ട്രേഷന്‍ നമ്പര്‍ എടുക്കണം. ഐടി മിഷനിലെ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് മാനേജ്മെന്റ് സെല്‍ മുമ്പാകെയാണ് പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ എടുക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ ഹാര്‍ഡ് കോപ്പി ഐടി മിഷന് നല്‍കണം. സ്ഥാപനത്തിന്റെ സ്ഥിരനിക്ഷേപം, സ്ഥാപനത്തിന്റെ സ്റ്റാറ്റസ്, രജിസ്ട്രേഷന്‍, തിരിച്ചറിയില്‍ രേഖകള്‍, ഓഡിറ്റഡ് ബാലന്‍സ് ഷീറ്റ്, അനുബന്ധ പട്ടികകള്‍, കവറിങ് ലെറ്റര്‍ എന്നിവയാണ് സമര്‍പ്പിക്കണ്ടത്. ഐടി രംഗത്ത് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന പദ്ധതികള്‍ തീരെ കുറവാണ്. കേരളത്തിലെ മിക്കവാറും സ്റ്റാര്‍ട്ട്അപ്പുകള്‍ എല്ലാം ഐടി സംരംഭങ്ങളാണ്. അത്തരം സംരംഭങ്ങള്‍ക്ക് നന്നായി പ്രയോജനപ്പെടുത്താവുന്ന ഒരു പദ്ധതിയാണ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുവാനും www. itmission.kerala.gov.in.
അന്വേഷണങ്ങള്‍ക്ക് : 0471 2525444.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും പ്രശസ്ത സംരംഭക പരിശീലകനുമാണ് ലേഖകന്‍.