സാമ്പത്തിക വളര്‍ച്ച 6.3%

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 6.3%. റിസര്‍വ് ബാങ്കിന്റെ അനുമാനം (6.3%) പൂര്‍ണമായും ശരിവയ്ക്കുന്നതാണ് കണക്ക്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ വളര്‍ച്ച 8.4 ശതമാനമായിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 35.89 ലക്ഷം കോടി രൂപയായിരുന്നത് ഇക്കൊല്ലം 38.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

ആദ്യപാദത്തില്‍ 36.85 ലക്ഷം കോടിയായിരുന്നു ജിഡിപി. ഇതുവച്ചു നോക്കുമ്പോള്‍ രണ്ടാം പാദത്തില്‍ 3.58 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇക്കൊല്ലം ആദ്യ പാദത്തില്‍ 13.2 ശതമാനമായിരുന്നു വളര്‍ച്ച. ഇത് കഴിഞ്ഞ വര്‍ഷം അതേ പാദത്തിലെ വളരെ കുറഞ്ഞ വളര്‍ച്ച നിരക്കുമായി (-23.8%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുതിപ്പാണ് (ലോ ബേസ് ഇഫക്റ്റ്). ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കൃഷി (4.6%), വാണിജ്യം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍ (14.7%) എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ചാനിരക്ക് കൈവരിച്ചു.

ഉല്‍പാദനമേഖല (-2.3), ഖനനം, ക്വാറിയിങ് മേഖലകളില്‍ (-2.8) കനത്ത തകര്‍ച്ചയാണുണ്ടായത്. കല്‍ക്കരി ക്ഷാമം, അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം തുടങ്ങിയവയാണ് ഉല്‍പാദനമേഖലയ്ക്ക് തിരിച്ചടിയായത്. 7% വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്. മൂന്നും നാലും പാദത്തില്‍ 4.6% വളര്‍ച്ചയാണ് അനുമാനം. ഇന്ത്യ വലിയ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്നും വിലക്കയറ്റം അടുത്ത വര്‍ഷത്തോടെ കുറയുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

 

Related posts