നിരന്തരം അപ്‌ഡേറ്റാകാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പില്ല: ടൈ കേരള

വിപണിയില്‍ എത്ര മുന്നിലായാലും നിരന്തരം നവീകരിക്കാതെ കമ്പനികള്‍ക്ക് നിലനില്‍പ്പ് ഇല്ലെന്ന് കോഗ്‌നിസെന്റ് ഇന്ത്യ സിഎംഡി രാജേഷ് നമ്പ്യാര്‍. സാങ്കേതിക വിദ്യകളും ഉപഭോക്തൃ ശീലങ്ങളും വളരെ വേഗം മാറുന്ന സാഹചര്യത്തില്‍ കമ്പനികള്‍ മത്സരത്തിലെ മുന്നേറ്റം നില നിര്‍ത്തിയില്ലെങ്കില്‍ നശിച്ചുപോകും.ദ് ഇന്‍ഡസ് ഒന്‍ട്രപ്രനര്‍ (ടൈ) കേരളയുടെ സമ്മേളനത്തില്‍ ‘ വിജയത്തിന് സ്വയം നവീകരണം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഫോര്‍ച്യൂണ്‍ 500 ലിസ്റ്റില്‍ പെട്ട കമ്പനികളില്‍ 88% നാമാവശേഷമായി. 12% മാത്രമാണ് കാലത്തെ അതിജീവിച്ചത്. കൊഡാക് ഫിലിം കമ്പനിയും ബ്ലാക്‌ബെറിയും നോക്കിയയും മത്സരത്തില്‍ മുന്നേറ്റം നിലനിര്‍ത്താനാവാതെ ദുര്‍ബലമായിപ്പോയ കമ്പനികള്‍ക്ക് ഉദാഹരണങ്ങളാണെന്ന് രാജേഷ് നമ്പ്യാര്‍ പറഞ്ഞു.

മുന്‍പ് കാര്യക്ഷമതയ്ക്കായിരുന്നു കമ്പനികള്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് അതിജീവനത്തിനാണു പ്രാധാന്യം. കോവിഡ് വന്നപ്പോള്‍ ലഭിച്ച പാഠമാണിത്. ചൈനയിലെ നിര്‍മാണ സൗകര്യങ്ങള്‍ സ്വന്തം നാട്ടിലേക്കു മാറ്റുന്നതും ഇതിന്റെ ഭാഗമാണ്. കുടുംബ ബിസിനസുകള്‍ ലോകമാകെ വിജയകരമായി നടക്കുന്നത് കുടുംബാംഗങ്ങളുടെ മാത്രം പ്രവര്‍ത്തനം കൊണ്ടല്ല. എല്ലാ നൈപുണ്യങ്ങളുമുള്ളവര്‍ കുടുംബത്തില്‍ ഉണ്ടാകണമെന്നില്ല. പ്രഫഷനലുകളെ കമ്പനി നേതൃത്വം ഏല്‍പ്പിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

 

Related posts