രാജ്യത്തെ വിവിധ കമ്പനികള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച സി.എസ്. ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിളിറ്റി) ഫണ്ട് 36,145കോടി രൂപ. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലോക്‌സഭയില്‍ അറിയിച്ചത്.
17,672.40 കോടി രൂപയാണ് 2020-21 കാലയളവില്‍ സി. എസ്. ആര്‍ ഫണ്ടായി ചെലവഴിച്ചത്. 18,473.41കോടി രൂപ 2019-20 വര്‍ഷക്കാലയളവില്‍ ചെലവഴിച്ചു.
കമ്പനികള്‍ സി. എസ്. ആര്‍ ഫണ്ട് ചെലവഴിക്കുന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ലഭ്യമാകുന്ന കമ്പനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സി. എസ്. ആര്‍ നിബന്ധനകളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി.
അതത് കമ്പനികളുടെ ബോര്‍ഡുകളാണ് സി. എസ്. ആര്‍ ഫണ്ടുകള്‍ ഏതൊക്കെ മേഖലകളില്‍ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതെന്നും സര്‍ക്കാരിന് അത്തരം വിഷയങ്ങളില്‍ നിയന്ത്രണം ചെലുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.