റേഷന്‍ വിതരണത്തിലെ തടസം നീക്കാന്‍ ശ്രമം

സംസ്ഥാനത്ത് റേഷന്‍ ഇ-പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) ഹൈദരാബാദിലെ ഒതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി (എയുഎ) സെര്‍വര്‍ കൂടി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം തേടി. സംസ്ഥാനത്തെ എയുഎ സര്‍വറില്‍ ഉണ്ടാകുന്ന നെറ്റ്വര്‍ക് തകരാര്‍ കാരണം റേഷന്‍ വിതരണം മുടങ്ങാതിരിക്കാനാണ് ഇത്.

തകരാര്‍ കാരണം മൂന്നാഴ്ചയിലെറെയായി സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം ജില്ലാ അടിസ്ഥാനത്തില്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അടിക്കടി ഇ-പോസ് സംവിധാനത്തിലെ തകരാറിനു കാരണം കഴക്കൂട്ടത്തെ ഐടി വകുപ്പിന്റെ സര്‍വറിന്റെ പ്രശ്‌നമല്ല എന്ന നിലപാടിലാണു ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷന്‍ കടയില്‍ എത്തുന്ന കാര്‍ഡ് ഉടമയുടെയോ അംഗത്തിന്റെയോ ആധികാരികത ബയോമെട്രിക് വിവരശേഖരണത്തിലൂടെ ഉറപ്പാക്കാനാണ് ഇ പോസ് സംവിധാനം.

സര്‍ക്കാരിന്റെതിനു പുറമേ ഓഥന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി (എയുഎ), ഓഥന്റിക്കേഷന്‍ സര്‍വീസ് ഏജന്‍സി (എഎസ്എ), യുഐഡിഎഐ (ആധാര്‍) എന്നിവയുടെ 4 സെര്‍വറുകള്‍ ഒരുമിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണു ഇ പോസ് പ്രവര്‍ത്തനം സുഗമമാകുന്നത്. മറ്റു 3 സെര്‍വറുകള്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ അല്ല. അതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതത് ഏജന്‍സികളുമായി ബന്ധപ്പെട്ടു പരിഹരിക്കാന്‍ മാത്രമേ സാധിക്കൂ എന്നാണു വിശദീകരണം. ബയോ മെട്രിക് ഓഥന്റിക്കേഷന്‍ പരാജയപ്പെടുമ്പോള്‍ റേഷന്‍ കാര്‍ഡുകളില്‍ ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറുകളിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് വിതരണം നടത്താറുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Related posts