മൊത്തവിപണിയിലും വിലക്കയറ്റത്തില്‍ കുറവ്

രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റവും കുറയുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള (ഡബ്ല്യുപിഐ) നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ 21 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.85% ആയി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം അടക്കമുള്ളവയുടെ വിലയിലെ കുറവാണ് നിരക്കില്‍ പ്രധാനമായും പ്രതിഫലിച്ചത്. 19 മാസമായി 10 ശതമാനത്തിനുമുകളിലായിരുന്ന ഡബ്ല്യുപിഐ നിരക്ക് ഒക്ടോബറിലാണ് 8.39ലേക്ക് കുറഞ്ഞത്.

2021 നവംബറില്‍ 14.87 ശതമാനമായിരുന്നു നാണ്യപ്പെരുപ്പനിരക്ക്. ഇതിനു മുന്‍പുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 2021 ഫെബ്രുവരിയിലായിരുന്നു, 4.83%. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റ നിരക്ക് ഒക്ടോബറില്‍ 8.33 ശതമാനമായിരുന്നത് 1.07 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലയും കാര്യമായ തോതില്‍ കുറഞ്ഞു.

ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) നാണ്യപ്പെരുപ്പനിരക്കാണ് പ്രധാനമായും റിസര്‍വ് ബാങ്ക് പലിശനിരക്ക് നിശ്ചയിക്കാനായി പരിഗണിക്കുന്നത്. നവംബറിലെ സിപിഐ നാണ്യപ്പെരുപ്പനിരക്ക് 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായിരുന്നു. നിലവിലെ സ്ഥിതി വരും മാസങ്ങളില്‍ തുടര്‍ന്നാല്‍ ഫെബ്രുവരിയിലെ ആര്‍ബിഐ പണനയ സമിതി യോഗം പലിശനിരക്കിലെ വര്‍ധനയുടെ തോത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാനിടയുണ്ട്.

 

Related posts