മിഥുനത്തിലെ ‘സേതുമാധവന്‍മാര്‍’ ഇനി പഴങ്കഥ മാത്രം

സംരംഭക വര്‍ഷം പദ്ധതിയുടെ വിജയം പരാമര്‍ശിച്ച് മന്ത്രി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

മിഥുനം സിനിമയിലേതുപോലെ ‘സേതുമാധവന്‍മാര്‍’ പഴങ്കഥയായെന്നും സംസ്ഥാനത്ത് ഇപ്പോള്‍ ‘ദാക്ഷായണി ബിസ്‌കറ്റും’ വില്‍ക്കാന്‍ പറ്റുന്ന വ്യവസായ അന്തരീക്ഷമാണെന്നും മന്ത്രി പി.രാജീവ് . കേരളത്തില്‍ എട്ടുമാസത്തിനിടെ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ‘മിഥുനം’ സിനിമയിലെ ‘ദാക്ഷായണി ബിസ്‌കറ്റ്’ കമ്പനിയെ പരാമര്‍ശിച്ച് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.

കുറിപ്പില്‍ നിന്ന്:

ദാക്ഷായണി ബിസ്‌കറ്റിനു വേണ്ടി മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ഐ.എസ്.ഐ മാര്‍ക്കുള്ള മീറ്ററിനുവേണ്ടി ശഠിക്കുന്ന എന്‍ജിനീയറും അനുമതികള്‍ക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസില്‍ വേരോടിക്കിടക്കുന്നു.

ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുള്ള കേരളത്തെക്കുറിച്ച് നിര്‍മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാല്‍ നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇതു സംരംഭകരുടെ കാലമാണ്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പു വരുത്തുന്ന അനുഭവമാണ് സംരംഭക വര്‍ഷം പദ്ധതിയില്‍ കണ്ടത്.

സംരംഭകര്‍ക്ക് എല്ലാ സഹായവും നേരിട്ട് നല്‍കാന്‍ സദാ സന്നദ്ധരായി 1153 ഇന്റേണുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഓഫീസ് സമയമോ അവധി ദിവസങ്ങളോ കണക്കാക്കാതെ ഓവര്‍ ടൈം ജോലി ചെയ്തു. വ്യവസായ വകുപ്പിലെ മാത്രമല്ല, എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ സംരംഭകര്‍ക്കാവശ്യമായ പിന്തുണയേകി. നാല് ശതമാനം പലിശയ്ക്ക് വായ്പാ സൗകര്യമൊരുക്കി ബാങ്കുകള്‍ മുന്നോട്ട് വന്നു.

ഇങ്ങനെ, സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായി മാറുന്ന ഒരു കാഴ്ചയാണ് ഈ പദ്ധതിയിലൂടെ നാം കണ്ടത്. അങ്ങനെയാണ് എട്ടു മാസത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നത്. നമ്മുടെ നാട്ടിലെ സാധാരണക്കാരും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും, വീട്ടമ്മമാരും, മടങ്ങിയെത്തിയ പ്രവാസി കളും വനിതകളുമാണ് സംരംഭകരായത്. കേരളത്തില്‍ നിന്നു തന്നെയാണ് 6337 കോടി രൂപ നിക്ഷേപമായി സമാഹരിച്ചത്. 2.25 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കിയത്. പുതിയ സംരംഭകരില്‍ 32000 ലേറെ പേര്‍ വനിതകളാണ്. സംരംഭക വര്‍ഷത്തിന്റെ വിജയം ഒട്ടേറെ പേര്‍ക്ക് ആത്മവിശ്വാസം പകരുമെന്നതില്‍ സംശയമില്ലെന്നും ഇനിയും പുതിയ സംരംഭകരുണ്ടാകുമെന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

 

Related posts