രാജ്യത്തെ എണ്ണ ഇറക്കുമതിയില്‍ റഷ്യ തന്നെ മുന്നില്‍

നവംബറിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ (ക്രൂഡ് ഓയില്‍) നല്‍കിയത് റഷ്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. നവംബറില്‍ പ്രതിദിനം 9,08,000 ബാരല്‍ (ബിപിഡി) ആണ് ഇറക്കുമതി. ഒക്ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 4 ശതമാനം വര്‍ധിച്ചു. നവംബറിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 4 ദശലക്ഷം ബിപിഡിയുടെ 23 ശതമാനവും റഷ്യന്‍ എണ്ണയാണ്.

രണ്ടാം സ്ഥാനത്ത് ഇറാഖ്. അതേസമയം, നവംബറിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ഒക്ടോബറില്‍നിന്ന് 11% കുറഞ്ഞു. റഷ്യയുടെ പിന്തുണയുള്ള ഇന്ത്യന്‍ റിഫൈനര്‍ നയാര എനര്‍ജി, അറ്റകുറ്റപ്പണിക്കായി 4,00,000 ബിപിഡി റിഫൈനറി അടച്ചുപൂട്ടിയതിനാലാണിത്. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ ബഹിഷ്‌കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത്.

ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ബാരലിന് 60 ഡോളര്‍ നിലവാരത്തിലാണ് റഷ്യന്‍ എണ്ണ ഇന്ത്യയ്ക്കു കിട്ടുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ഗള്‍ഫില്‍നിന്ന് ബാരലിന് 80 ഡോളര്‍ നിലവാരത്തിലാണിപ്പോള്‍ എണ്ണ കിട്ടുക.

 

Related posts