സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസംവകുപ്പുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ മൂന്നാമത് ഹഡില്‍ ഗ്ലോബല്‍ ടെക് സ്റ്റാര്‍ട്ടപ്പ് ദ്വിദിന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പുതിയ എമര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ-ഫോണ്‍ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാര്‍ട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തെമ്പാടും സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനമെത്തും. യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഇത് പ്രയോജനമാകും.

ഈ സാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു.

ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസമേഖലകളില്‍ മുന്നിലാണ് കേരളം. വൈജ്ഞാനിക സമ്പദ്രംഗത്തും ഈ നേട്ടം കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യംഗ് ഇന്നൊവേഷന്‍ പ്രോഗ്രാം (വൈ.ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജന്‍ റോബോട്ടിക്‌സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.

മുഖ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.സെക്രട്ടറി ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍, ജിടെക് ചെയര്‍മാന്‍ വി.കെ.മാത്യൂസ്, സിസ്‌കോ ലോഞ്ച്പാഡ് മേധാവി ശ്രുതികണ്ണന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ .അനൂപ് അംബിക തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ബി.എസ് ബാങ്ക് സിംഗപ്പൂര്‍, യുനുസ് സോഷ്യല്‍ ബിസിനസ് ഫണ്ട് ബംഗളുരു, ഫീനിക്‌സ് ഏഞ്ചല്‍സ് എന്നിവയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണാപത്രം ഒപ്പിട്ടു.

 

Related posts