കൊപ്ര വില ഇടിയുന്നു

കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നു നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) സംഭരിച്ച 40855 ടണ്‍ കൊപ്ര പൊതുവിപണിയില്‍ വില്‍ക്കുന്നു. ഇതിനുള്ള ഓണ്‍ലൈന്‍ ലേലം ആരംഭിച്ചതോടെ കേരളത്തില്‍ കൊപ്രവില ഇടിഞ്ഞു തുടങ്ങി. കുറഞ്ഞ വിലയ്ക്കു നാഫെഡില്‍ നിന്നു കൊപ്ര ലഭിക്കുമെന്നതിനാല്‍ വെളിച്ചെണ്ണ ഉല്‍പാദന കമ്പനികള്‍ കേരളത്തിലെ മൊത്തവ്യാപാരികളില്‍ നിന്നു കൊപ്ര വാങ്ങുന്നതു കുറച്ചതാണു കാരണം.

ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ നാഫെഡ് വഴി നടത്തിയ കൊപ്രസംഭരണത്തിന്റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നു 40600 ടണ്‍ സംഭരിച്ചപ്പോള്‍ കേരളത്തില്‍ നിന്നു സംഭരിച്ചത് 255 ടണ്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ നിന്നു സംഭരിച്ച കൊപ്രയുള്‍പ്പെടെ പൊതുവിപണിയില്‍ വില്‍ക്കാനുള്ള തീരുമാനം കേരളത്തിലെ കര്‍ഷകര്‍ക്കു വീണ്ടും തിരിച്ചടിയായി.

ദേശീയതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണു നാഫെഡ് കൊപ്ര വിറ്റഴിക്കുന്നത്. ഇത്രയും വലിയ അളവില്‍ കൊപ്ര ഒരുമിച്ചു വിപണിയിലെത്തുന്നതോടെ കേരളത്തില്‍ നിന്നുള്ള കൊപ്രയ്ക്ക് ആവശ്യക്കാര്‍ കുറയുമെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസം മുന്‍പു കിലോഗ്രാമിന് 78 രൂപ വരെ താണിരുന്ന കൊപ്രവില പതിയെ ഉയര്‍ന്ന് 96 രൂപയിലെത്തിയിരുന്നു.

എന്നാല്‍ നാഫെഡ് സംഭരിച്ച കൊപ്ര പൊതുവിപണിയില്‍ വില്‍ക്കാനുള്ള തീരുമാനത്തോടെ വില കുറഞ്ഞുതുടങ്ങി. 89 രൂപയാണ് ഇന്നലെ വടകര മാര്‍ക്കറ്റില്‍ മില്‍ കൊപ്രയുടെ വില. കിലോഗ്രാമിന് 29 രൂപ വരെ ഉയര്‍ന്നിരുന്ന പച്ചത്തേങ്ങയുടെ വില 26 രൂപയായി. ഫെബ്രുവരിയിലാണു കേന്ദ്ര സര്‍ക്കാര്‍ നാഫെഡ് വഴി കൊപ്രസംഭരണം ആരംഭിച്ചത്. കിലോഗ്രാമിന് 105.90 രൂപ നിരക്കിലായിരുന്നു സംഭരണം. ഈ കൊപ്ര വിപണിവിലയില്‍ വില്‍ക്കുമ്പോള്‍ വരുന്ന വ്യത്യാസം നാഫെഡിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

 

Related posts