സ്വകാര്യ പ്രസരണ ലൈന്‍: മാനദണ്ഡവും നിരക്കും 3 മാസത്തിനകം നിശ്ചയിക്കേണ്ടി വരും

സ്വകാര്യ കമ്പനികള്‍ക്കു വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും മാനദണ്ഡങ്ങള്‍ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി റഗുലേറ്ററി കമ്മിഷന്‍ നടപ്പാക്കേണ്ടി വരും.സ്വകാര്യ ലൈന്‍ വരുമ്പോള്‍ അത് ഉപയോഗിക്കാനുള്ള നിരക്കും മറ്റും നിശ്ചയിക്കണം. ഇതു 3 മാസത്തിനകം തീരുമാനിക്കണമെന്നാണു കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച വിധിയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും റഗുലേറ്ററി കമ്മിഷനുകളോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്.

വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണത്തോടു കേരളം എതിരാണ്. എന്നാല്‍ വിധി റഗുലേറ്ററി കമ്മിഷന്‍ അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യം ആകും. ഈ സാഹചര്യത്തില്‍ മാനദണ്ഡം തയാറാക്കാന്‍ കമ്മിഷന്‍ നിര്‍ബന്ധിതമാകും. എല്ലാ സംസ്ഥാനങ്ങളിലും മാനദണ്ഡവും ചട്ടവും തയാറാക്കുമ്പോള്‍ കേരളത്തിനു മാത്രം വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. വിധി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനികള്‍ക്കു സംസ്ഥാനത്തിനകത്തു പ്രസരണ ലൈനുകളോ സബ്‌സ്റ്റേഷനുകളോ നിര്‍മിക്കാം.

മുംബൈയിലേക്കു ഹൈ വോള്‍ട്ടേജ് പ്രസരണ ലൈന്‍ നിര്‍മിക്കാന്‍ അദാനിക്കു മഹാരാഷ്ട്ര റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതിനെതിരെ ടാറ്റയാണു സുപ്രീം കോടതിയെ സമീപിച്ചത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി പ്രസരണം ചെയ്യാന്‍ തയാറാകുന്ന കമ്പനിയെ ടെന്‍ഡര്‍ വിളിച്ചു കണ്ടെത്തണം എന്നായിരുന്നു ടാറ്റയുടെ വാദം. എന്നാല്‍ ടെന്‍ഡര്‍ വിളിച്ചും നേരിട്ടും കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ റഗുലേറ്ററി കമ്മിഷന് അധികാരമുണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ടാറ്റയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നിശ്ചിത തുകയ്ക്കു മുകളില്‍ ചെലവു വരുന്ന ലൈനുകളും സബ്‌സ്റ്റേഷനുകളും സ്ഥാപിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതു നിരക്ക് അടിസ്ഥാനമാക്കിയുള്ള ടെന്‍ഡര്‍ വഴിയാകണമെന്നു കേന്ദ്ര വൈദ്യുതി നിരക്ക് നയത്തില്‍ പറയുന്നുണ്ട്. സംസ്ഥാനാന്തര ലൈനുകള്‍ ഈ രീതിയില്‍ മാത്രമേ നിര്‍മിക്കാന്‍ പറ്റൂ. എന്നാല്‍ സംസ്ഥാനത്തിനുള്ളില്‍ എങ്ങനെ വേണമെന്നു സംസ്ഥാനത്തിനു തീരുമാനിക്കാം.

മഹാരാഷ്ട്രയില്‍ 500 കോടി രൂപയ്ക്കു മുകളിലുള്ള ലൈനുകള്‍ ടെന്‍ഡറിലൂടെ മാത്രമേ നല്‍കാവൂ എന്ന് അവിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം എടുക്കേണ്ടതു റഗുലേറ്ററി കമ്മിഷനാണെന്നും സര്‍ക്കാര്‍ അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഈ സാഹചര്യത്തിലാണു സംസ്ഥാനത്തിനുള്ളില്‍ പ്രസരണ ലൈനുകള്‍ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ 3 മാസത്തിനകം തയാറാക്കണമെന്നു റഗുലേറ്ററി കമ്മിഷനുകളോടു കോടതി ആവശ്യപ്പെട്ടത്.

 

Related posts