നിറപറയെ ഏറ്റെടുത്ത് വിപ്രോ

കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ നിറപറയെ വിപ്രോ ഗ്രൂപ്പ് ഏറ്റെടുത്തു. ഗ്രൂപ്പിലുള്‍പ്പെട്ട വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് നിറപറയുമായി അന്തിമ കരാറിലെത്തി. കാലടി ആസ്ഥാനമായ കെ.കെ.ആര്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡാണ് നിറപറ. ഇടപാട് തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലെ ലഘുഭക്ഷണ, സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് വിപണിയില്‍ പ്രധാന കമ്പനിയാകാനുള്ള പദ്ധതിയുടെ ഭാഗമാണ് ഏറ്റെടുക്കലെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് സി.ഇ.ഒയും വിപ്രോ എന്റര്‍പ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗര്‍വാള്‍ പറഞ്ഞു .
നിറപറയുടെ ഉത്പന്നനിരയില്‍ ഭൂരിഭാഗവും കേരളത്തില്‍ പ്രിയപ്പെട്ടവയും ദൈനംദിനം ഉപയോഗത്തി?നുള്ളവയുമാണ്. മസാലകളും അപ്പം, ഇടിയപ്പം, പുട്ട്, ദോശ, ഇഡലി എന്നിവയുണ്ടാക്കുന്ന അരിപ്പൊടിയും ഉത്പാദിപ്പിക്കുന്നതില്‍ ബ്രാന്‍ഡ് മുന്‍പന്തിയിലാണ്.

എറണാകുളം ജില്ലയിലെ കാലടിയില്‍ 1976ല്‍ ആരംഭിച്ചതാണ് നിറപറ ബ്രാന്‍ഡ്. കെ.കെ. കര്‍ണന്‍ ചെയര്‍മാനായ കെ.കെ.ആര്‍ ഗ്രൂപ്പിന് കീഴില്‍ അരി, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന നിറപറയ്ക്ക് ഗള്‍ഫ് ഉള്‍പ്പെടെ വിപണിയില്‍ സാന്നിദ്ധ്യമുണ്ട്.

സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് മേഖലയിലെ ചുവടുവയ്പ്പാണ് നിറപറ ഏറ്റെടുക്കലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പതിമൂന്നാം ഏറ്റെടുക്കലാണ്. നിറപറയുടെ ബിസിനസിന്റെ 63 ശതമാനം കേരളത്തില്‍ നിന്നും 8 ശതമാനം മറ്റു സംസ്ഥാനങ്ങളിലും 29 ശതമാനം അന്താരാഷ്ട്ര വിപണിയിലുമാണ്.
ആധികാരികവും ശുദ്ധവും വിശ്വസനീയവുമായ സുഗന്ധവ്യഞ്ജനങ്ങളുടെ അസംഘടിത വിപണിയില്‍ നിന്ന് സംഘടിത വിപണിയിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിന് ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് ഫുഡ് ബിസിനസ് പ്രസിഡന്റ് അനില്‍ ചുഘ് പറഞ്ഞു.

 

Related posts