ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഹെഡായി കൊല്ലം സ്വദേശി

ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീം ഹെഡായി സി.ഇ.ഒ ഇലോണ്‍ മസ്‌ക് നിയമിച്ചത് മലയാളി യുവ എന്‍ജിനിയറെ. കൊല്ലം തങ്കശേരി സ്വദേശിയും ടെസ്ല കമ്പിനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനിയറുമായ ഷീന്‍ ഓസ്റ്റിന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് പുതുതായി തലപ്പത്ത് എത്തിയിരിക്കുന്നത്.

കമ്പനിയുടെ ഡേറ്റാ സെന്ററുകളടക്കമുള്ള എല്ലാ പ്രധാന സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീമിനാണ്. 2003ല്‍ ഐ.ടി.സി ഇന്‍ഫോടെക്കില്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2013ലാണ് ടെസ്ലയില്‍ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിളി?റ്റി എന്‍ജിനിയറായി എത്തുന്നത്. ടെസ്ലയുടെ ഡേറ്റാ സെന്റര്‍ ഡിസൈന്‍, ഓട്ടോ പൈലറ്റ് കമ്പ്യൂട്ടര്‍ വിഷനുവേണ്ടിയുള്ള മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം അടക്കമുള്ളവയുടെ മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. കണക്ടഡ് കാര്‍ സര്‍വീസ് ടീമിന്റെയും ഭാഗമായിരുന്നു. 2018ല്‍ ടെസ്ല വിട്ട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ട് അപ്പിലേക്ക് നീങ്ങിയ ഷീന്‍ പിന്നീട് വിമാന കമ്പനിയായ എയര്‍ബസിന്റെ ഭാഗമായി. 2019ല്‍ ടെസ്ലയില്‍ വീണ്ടും പ്രിന്‍സിപ്പല്‍ എന്‍ജിനിയറായി തിരികെയെത്തി. പ്ലാറ്റ്‌ഫോം എന്‍ജിനിയറിംഗ്, സൂപ്പര്‍ കംപ്യൂട്ടിംഗ്, പ്ലാറ്റ്‌ഫോം സ്റ്റോറേജ് ഡേറ്റാ സെന്ററുകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മേഖലകള്‍.

കൊല്ലം തങ്കശേരിയില്‍ റിട്ട. എസ്.ബി.ഐ മാനേജര്‍ ഓസ്റ്റിന്‍ സഖറിയയുടെയും കൊല്ലം വിമല ഹൃദയ സ്‌കൂളിലെ റിട്ട. അദ്ധ്യാപിക അഡലീന്‍ ഓസ്റ്റിന്റെയും മകനാണ്. തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ പഠനത്തിന് ശേഷം തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയില്‍ നിന്ന് ബി.ടെക് നേടി. 2013 വരെ ഇന്ത്യയിലെ വിവിധ ഐ.ടി കമ്പനികളിലായിരുന്നു ജോലി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് താമസം.

 

Related posts