ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ഓഹരിവിപണിയെ തുടര്‍ച്ചയായ രണ്ടാം ദിനവും സാരമായി ബാധിച്ചു. സെന്‍സെക്‌സ് 635 പോയിന്റ് ഇടിവ് നേരിട്ടു. നിഫ്റ്റി 18,200 പോയിന്റിന് താഴേയ്ക്ക് എത്തുകയും ചെയ്തു. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായിരിക്കുന്ന പുതിയ വൈറസ് വകഭേദം ബിഎഫ് 7 ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ച വാര്‍ത്തകള്‍ വിപണിയിലെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി.
കോവിഡ് വെല്ലുവിളി ഉയര്‍ത്താവുന്ന ട്രാവല്‍, ടൂറിസം, ഹോട്ടല്‍, എയര്‍ലൈന്‍, എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ വരുംദിവസങ്ങളില്‍ സമ്മര്‍ദം നേരിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ആഗോള മാന്ദ്യഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ചാഞ്ചാട്ടങ്ങളുടെ ദിവസങ്ങളാണ് വിപണിയെ കാത്തിരിക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.18 ശതമാനവും, മിഡ്ക്യാപ് സൂചിക 1.40 ശതമാനവും ഇടിഞ്ഞു. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച ഇന്ത്യയിലെ വിപണിയില്‍നിന്ന് 455.94 കോടിയുടെ ഓഹരികള്‍ വാങ്ങി. ഷാങ്ഹായ്, ടോക്കിയോ, സോള്‍ ഉള്‍പ്പെടെയുള്ള വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഹോങ്കോങ് വിപണി നേട്ടമുണ്ടാക്കി. അതേസമയം, ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 14 പൈസ ഇടിഞ്ഞ് 82.84 നിലവാരത്തിലെത്തി.