കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയായ എന്‍പിഎസ് വാത്സല്യയെക്കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഭാവിയിലേക്ക് കരുതിവെയ്ക്കുന്നതിന്റെ പ്രാധന്യം ബോധ്യപ്പെടുത്താനും ദീര്‍ഘകാല നിക്ഷേപത്തിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിലേക്ക് കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിയാണ് എന്‍പിഎസ് വാത്സല്യ നടപ്പാക്കുന്നത്. കഴിഞ്ഞ ബജറ്റലാണ് അതിനായി കേന്ദ്ര സര്‍ക്കാര്‍ ‘എന്‍.പി.എസ് വാത്സല്യ’ പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പ്രാണ്‍ കാര്‍ഡ് അനുവദിക്കും. എന്‍പിഎസിലേതുപോലെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം.
പെന്‍ഷന്‍ അക്കൗണ്ടില്‍ ചിട്ടയായി നിക്ഷേപിച്ച് കുടികളുടെ ഭാവിക്കായി നേരത്തെ കരുതിവെയ്ക്കാനും ദീര്‍ഘകാലയളവില്‍ കോമ്പൗണ്ടിങിന്റെ നേട്ടം സ്വന്തമാക്കുന്നതിനും തുടക്കമിടാന്‍ രക്ഷാകര്‍ത്താക്കളെ അനുവദിക്കുന്ന പദ്ധതിയാണിത്. ചുരുങ്ങിയ വാര്‍ഷിക നിക്ഷേപം 1,000 രൂപയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനക്കാര്‍ക്കും പദ്ധതിയില്‍ ചേര്‍ന്ന് കുട്ടികള്‍ക്കായി വിഹിതം അടക്കാം.
എന്‍പിഎസ് വാത്സല്യയില്‍ ചേരുന്ന കുട്ടികള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍ എന്‍പിഎസിലെ ടിയര്‍ 1 പദ്ധതിയിലേക്ക് താനെ മാറും. അതിനുശേഷം സാധാരണ എന്‍പിഎസ് അക്കൗണ്ടായി മാറും. എന്‍പിഎസ് വാത്സല്യയില്‍ ചേരുന്നവര്‍ക്ക് 18 വയസ്സാകുമ്പോള്‍ നിക്ഷേപം 2.50 ലക്ഷം രൂപയില്‍ കൂടുതലുണ്ടെങ്കില്‍ 20 ശതമാനം ഒറ്റത്തവണയായി പിന്‍വലിക്കാന്‍ അനുവദിക്കും. 2.50 ലക്ഷം രൂപയോ അതില്‍ കുറവോ ആണെങ്കില്‍ തുക മുഴുവന്‍ തിരികെയെടുക്കാം. അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കില്‍ രക്ഷാകര്‍ത്താവിന് നിക്ഷേപം തിരികെ നല്‍കും. വിദ്യാഭ്യാസം, പ്രത്യേക അസുഖങ്ങള്‍ക്കുള്ള ചികിത്സ എന്നിവയ്ക്കായി ഇടയ്ക്കുവെച്ച് നിക്ഷേപം പിന്‍വലിക്കാന് അനുവദിക്കും. മൂന്നു വര്‍ഷമെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമാണ് അത് അനുവദിക്കുക. പരമാവധി മൂന്ന് തവണയായി മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനം മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. പിഎഫ്ആര്‍ഡിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫണ്ട് മാനേജര്‍മാരായിരിക്കും നിക്ഷേപം കൈകാര്യം ചെയ്യുക. 18 വയസ്സ് പൂര്‍ത്തിയാകാത്തവരെയെല്ലാം എന്‍പിഎസ്-വാത്സല്യയില്‍ ചേര്‍ക്കാം. കുട്ടികള്‍ക്കുവേണ്ടി രക്ഷാകര്‍ത്താക്കളാണ് അക്കൗണ്ട് എടുക്കേണ്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയോ ബാങ്കുകള്‍, പോസ്റ്റോഫീസുകള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവര്‍ വഴിയും എന്‍പിഎസ് വാത്സല്യ അക്കൗണ്ട് തുടങ്ങാന്‍ കഴിയും. എന്‍പിഎസ് വാത്സല്യ അക്കൗണ്ട് തുടങ്ങുന്നതിന് രക്ഷാകര്‍ത്താവിന്റെ കെ.വൈ.സി രേഖകളാണ് നല്‍കേണ്ടത്. ഐഡന്റിറ്റി, വിലാസം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍, കൂടാതെ കുട്ടിയുടെ ജനന തിയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, രക്ഷാകര്‍ത്താവ് എന്‍.ആര്‍.ഐ ആണെങ്കില്‍ എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും ആവശ്യമാണ്.
അഞ്ചുവയസ്സുള്ള ഒരു കുട്ടിയ്ക്ക് എന്‍പിഎസ് വാത്സല്യ അക്കൗണ്ട് എടുത്തുകൊണ്ട് പ്രതിമാസം പതിനായിരം രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ അറുപതാം വയസ്സില്‍ വിരമിക്കുമ്പോള്‍ ഏകദേശം 54 കോടി രൂപവരെ ലഭിക്കുമെന്നാണ് കണക്ക്.