സ്റ്റേറ്റ് ക്യാപിറ്റല്‍ റീജിയന്‍ എന്നനിലയില്‍ ഏറെ വികസന സാധ്യതകളും സംരംഭക അവസരങ്ങളുമുള്ള തിരുവനന്തപുരത്തിന്റെ സമകാലിക പ്രസക്തിയെ വിലയിരുത്തുകയാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍.
നാഷണല്‍ ക്യാപ്പിറ്റല്‍ റീജിയണ്‍ എന്നപോലെ സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന നിലയില്‍ തിരുവനന്തപുരത്തിന് ഇനിയും ഏറെ വികസനസാധ്യകളുണ്ടെന്ന അഭിപ്രായക്കാരനാണ് പ്രമുഖ സംരംഭകനും ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ് എന്‍ രഘുചന്ദ്രന്‍നായര്‍. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തിരുവനന്തപുരത്തിന്റെ വികസനം ലക്ഷ്യമാക്കി നടക്കുന്ന ഒട്ടേറെ മുന്നേറ്റങ്ങളുടെ അമരത്ത് രഘുചന്ദ്രന്‍ നായര്‍ ഉണ്ട്. സംരംഭക പ്രോത്സാഹന മേഖലയില്‍ ഉള്‍പ്പടെ തലസ്ഥാനത്തിന്റെ പൊതുവളര്‍ച്ചയ്ക്ക്, സമാനമനസ്‌കരെ ഒപ്പംകൂട്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ എന്ന കാഴ്ചപ്പാടോടെ വിലയിരുത്തിയാല്‍ മാത്രമേ തിരുവനന്തപുരത്തിന്റെ വികസനം പൂര്‍ണമായ അര്‍ഥത്തില്‍ സാധ്യമാകുകയുള്ളൂവെന്ന് രഘുചന്ദ്രന്‍നായര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, തിരുനെല്‍വേലി എന്നിവകൂടി ഉള്‍പ്പെടുത്തി ഒരു സ്റ്റേറ്റ് ക്യാപിറ്റല്‍ റീജിയണ്‍ രൂപീകരിക്കണം. തിരുവനന്തപുരം മാത്രമായാല്‍ വികസനമുണ്ടാകില്ല. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും കന്യാകുമാരിയും തിരുനെല്‍വേലിയും ചേര്‍ന്നാല്‍ മാത്രമേ സ്റ്റേറ്റ് ക്യാപ്പിറ്റല്‍ റീജിയണ്‍ പ്രാവര്‍ത്തികമാകുയുള്ളൂവെന്നും രഘുചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെടുന്നു.
ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സിനുകീഴില്‍ രൂപീകരിച്ചിട്ടുള്ള എവേക്ക് ട്രിവാന്‍ഡ്രം, ട്രിവാന്‍ഡ്രം അജണ്ട ടാക്‌സ് ഫോഴ്‌സ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് തിരുവനന്തപുരത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. രാഷ്ട്രീയപരമായ ഇടപെടലുകള്‍ കൈകാര്യം ചെയ്യുന്നത് ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍കൈയെടുത്താണ്. ഉദ്യോഗസ്ഥതല കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് ട്രിവാന്‍ഡ്രം അജണ്ട ടാക്‌സ് ഫോഴ്‌സാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന പല ഫയലുകളും പൊടിതട്ടിയെടുത്ത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് എവേക്ക് ട്രിവാന്‍ഡ്രം പ്രവര്‍ത്തിച്ചു വരുന്നത്. എവേക്ക് ട്രിവാന്‍ഡ്രത്തില്‍ അധികവും യുവാക്കളാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ തലസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന് മുന്നില്‍ കൊണ്ടുവരികയും പ്രശ്നപരിഹാരത്തിന് ഇടപെടുകയും ചെയ്യുന്നു. തലസ്ഥാന വികസനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് നടപ്പാക്കുന്ന നൂറ്റിയിരുപതിലധികം പദ്ധതികള്‍ നിലവിലുണ്ട്. 32000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
1956ന് മുന്‍പ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ആയിരുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റും തിരുകൊച്ചിയും ഉണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ വികസനം ഉണ്ടായിരുന്നു. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. ഇവിടെ കാണുന്ന പല പദ്ധതികളും രാജഭരണകാലത്ത് ഉണ്ടായിട്ടുള്ളതാണ്. 1956ന് ശേഷം തലസ്ഥാനത്തിന്റെ വികസനം മുരടിച്ചു നില്‍ക്കുകയാണ്. വലിയ പദ്ധതികള്‍ ഒന്നും തന്നെ ഈ കാലയളവില്‍ വന്നിട്ടില്ല. തിരുവനന്തപുരത്തിന്റെ വളര്‍ച്ചയില്‍ അക്കാലത്ത് പട്ടം താണുപിള്ള മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പദ്ധതി ഇല്ല എന്നല്ല, തലസ്ഥാന നഗരത്തിനാവശ്യമായ കാര്യമായ പദ്ധതിയൊന്നും ഉണ്ടായിട്ടില്ലായെന്നും രഘുചന്ദ്രന്‍നായര്‍ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാന തലസ്ഥാനങ്ങളെ നോക്കിയാല്‍ അവിടെയെല്ലാം നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചെന്നൈ, ബംഗ്‌ളൂരു, ഹൈദരാബാദ് എന്നിവയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. വികസനത്തിന്റെ കാര്യത്തില്‍ കേരള തലസ്ഥാനം പിറകോട്ടായി പോവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഒരു ഗോഡ്ഫാദര്‍ ഇല്ലായിരുന്നു എന്നതാണ്. ആ പോരായ്മ പരിഹരിക്കാനായി ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍കൈയെടുത്ത് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ടു പോയാല്‍ മാത്രമേ വികസനം സാധ്യമാവുകയുള്ളൂ. അങ്ങനെ തിരുവനന്തപുരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പല സംഘടനകളും ചേര്‍ന്നാണ് എവേക് ട്രിവാന്‍ഡ്രം രൂപീകരിച്ചത്. 100 സംഘടനകള്‍ ഇതില്‍ അംഗങ്ങളാണ്. തലസ്ഥാനവികസനത്തിന്റെ ഗോഡ്ഫാദേഴ്‌സ് ഈ സംഘടനയിലുള്ളവരാണ്. വികസനത്തിനായി നാം തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന തിരിച്ചറിവിലാണ് പല പദ്ധതികളും ഇന്ന് മുന്നോട്ടുപോകുന്നത്. ലുലുമാള്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ പല തടസ്സങ്ങളും ഉണ്ടായിരുന്നു. ആ തടസ്സങ്ങളെല്ലാം പരിഹരിക്കുന്നതില്‍ എവേക്ക് ട്രിവാന്‍ഡ്രം സഹായിച്ചിട്ടുണ്ട്.
മറ്റു ജില്ലകളില്‍ നിന്നുപോലും സംരംഭകര്‍ തലസ്ഥാനത്തേക്ക് വരുന്നുണ്ട്. എല്ലാരീതിയിലും ഇണങ്ങുന്ന അന്തരീക്ഷമാണ് ഇവിടം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ പോലും തിരുവനന്തപുരത്തിനെ കാര്യമായി ബാധിക്കുന്നില്ല. എല്ലാ ഫെസിലിറ്റിയും തൊട്ടടുത്ത് ലഭ്യമാണ്. നഗരത്തിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ട് സൗകര്യം. നഗരത്തില്‍നിന്നും മറ്റു എയര്‍പോര്‍ട്ടുകളിലേക്കാകട്ടെ മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ മാത്രമേ എത്താന്‍ സാധിക്കുകയുള്ളൂ. കൂടാതെ വിഴിഞ്ഞം പോര്‍ട്ട് പ്രാവര്‍ത്തികമാകുന്നതോടെ വികസനം കൂടുതല്‍ വിപുലമാകും. ബൈപ്പാസ് റോഡ് പ്രാവര്‍ത്തികമാകുന്നതോടെ വികസനം മറ്റൊരു തലത്തിലാകും. നേമം വികസിക്കണമെന്ന് പറയുന്നതും ഈ വികസനപ്രതീക്ഷ മുന്നില്‍ കണ്ടാണ്. അതിവേഗം ബഹുദൂരം പോകാന്‍ പറ്റുന്ന ഒരു പദ്ധതിയാണ് തലസ്ഥാനത്ത് ഉണ്ടാകേണ്ടതെന്നും രഘുചന്ദ്രന്‍നായര്‍ അഭിപ്രായപ്പെടുന്നു.
എടുത്തുപറയേണ്ട മറ്റൊന്നാണ് ടെക്‌നോസിറ്റിയുടെ വികസനം. ടെക്‌നോസിറ്റിയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ വരുന്നു. കൂടാതെ മള്‍ട്ടിപ്ലക്‌സുകള്‍, ഹോട്ടലുകള്‍ അങ്ങനെ എല്ലാം ലഭ്യമായിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരിക മേഖലയില്‍ തിരുവനന്തപുരം പണ്ടേ മുന്നിലാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സൂര്യ ഫെസ്റ്റിവല്‍, ഫ്ളവര്‍ ഷോകള്‍, ടൂറിസം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികളാല്‍ സമ്പുഷ്ടമാണ് തലസ്ഥാനം. പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനായി നിരവധി തീര്‍ത്ഥാടകര്‍ തലസ്ഥാനത്ത് എത്തുന്നുണ്ട്. അങ്ങനെ ഇവിടെ ഷോക്കേസ് ചെയ്യാന്‍ സാധിക്കുന്ന പല സ്ഥലങ്ങളും കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കി വരികയാണ്. ഡൊമസ്റ്റിക് ടൂറിസ്റ്റുകള്‍ കൂടുതല്‍ കോവളമാണ് സന്ദര്‍ശിക്കുന്നതെങ്കിലും ടൂറിസം സാധ്യതയുള്ള നിരവധി സ്ഥലങ്ങള്‍ നഗരത്തില്‍ വേറെയുമുണ്ട്.
വിദ്യാഭ്യാസ മേഖലയിലും തലസ്ഥാനം ഏറെ മുന്നിലാണ്. യഥാര്‍ത്ഥത്തില്‍ റിസര്‍ച്ച് സിറ്റിയാണ് തിരുവനന്തപുരം. ഐഎസ്ആര്‍ഒ മുതല്‍ ഒട്ടനവധി റിസര്‍ച്ച് സെന്ററുകള്‍ ഇവിടെയുണ്ട്. തോന്നക്കലില്‍ വൈറോളജി ഇന്‍സ്റ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തലസ്ഥാനത്ത് വേരുറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതോടുകൂടി തലസ്ഥാന നഗരം ഒരു എഡ്യൂക്കേഷണല്‍ ഹബായി മാറുമെന്നും രഘുചന്ദ്രന്‍ നായര്‍ പറയുന്നു. ആരോഗ്യമേഖല എടുത്താലും തലസ്ഥാനം ഒട്ടും പിന്നിലല്ല. കിംസ് ഹോസ്പിറ്റല്‍ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ആസ്റ്റര്‍മെഡിസിറ്റി തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. എസ്പി ഫോര്‍ട്ടിന്റെ പുതിയ ഹോസ്പിറ്റല്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. അപ്പോളോ പോലുള്ള വലിയ ആശുപത്രികളും ഇവിടെ വരാന്‍ ആലോചിക്കുന്നുണ്ട്.
ഹെല്‍ത്ത് കെയര്‍, ഇന്‍ഫ്രാസ്ട്രക്ഷന്‍, ഐടി, എഡ്യൂക്കേഷന്‍ അങ്ങനെ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഇനിയും തലസ്ഥാനം മുന്നേറാനുണ്ട്. അതിനായി ചില കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ട്. പണ്ട് ഉണ്ടായിരുന്ന ഹൈക്കോടതി ബെഞ്ച് പുന:സ്ഥാപിക്കുക എന്നതാണ് ആദ്യത്തെ ആവശ്യം. തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കണമെന്നാണ് മറ്റൊരാവശ്യം. വേളി റെയില്‍വേ സ്റ്റേഷന്റെ വികസനമാണ് മറ്റൊന്ന്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷന്റെ വികസനം ഇനി സാധ്യമല്ലാത്തതിനാല്‍ കൊച്ചുവേളിയിലേക്കും നേമത്തേക്കും വികസനം നടപ്പാക്കിയാല്‍ മാത്രമേ കൂടുതല്‍ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും രഘുചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തിരുവനന്തപുരത്തിന്റെ കുറവുകളില്‍ ഒന്നായി കാണുന്നത് മെട്രോ റെയില്‍ ആണ്. കൊച്ചി മെട്രോ റെയില്‍ വളരെ നഷ്ടത്തിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. 50 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുണ്ടെങ്കില്‍ മാത്രമേ മെട്രോ പോലുള്ള പദ്ധതികള്‍ വിജയിക്കുകയുള്ളൂ. തിരുവനന്തപുരത്താകട്ടെ 10 ലക്ഷം ജനസംഖ്യ ആണുള്ളത്. നല്ല റോഡുകളും നല്ല ഫ്‌ളൈ ഓവറുകളും വന്നതിനുശേഷം മാത്രം മെട്രോയെ കുറിച്ച് ചിന്തിക്കുന്നതാകും ഉചിതം. ആറ്റിങ്ങല്‍ മുതല്‍ നെയ്യാറ്റിന്‍കര വരെ എത്തുന്ന രീതിയില്‍ ആയിരിക്കണം മെട്രോ വരേണ്ടത്. അല്ലെങ്കില്‍ നഷ്ടത്തിലാകും. ഒരു ഭാഗം എയര്‍പോര്‍ട്ടിലേക്കും ഒരുഭാഗം മെഡിക്കല്‍ കോളേജിലേക്കും കണക്ട് ചെയ്യുന്ന തരത്തില്‍ ഒരു ശൃംഖല വന്നാല്‍ മെട്രോ ലാഭത്തിലാകും. മെട്രോ വരുന്നത് വരെ ഇലക്ട്രിക് ബസുകള്‍ കൂടുതല്‍ നിരത്തിലിറക്കിയാല്‍ അത് കൂടുതല്‍ പ്രയോജനപ്പെടും.
ഒരു മെട്രോ സിറ്റിക്ക് ആവശ്യമായിട്ടുള്ള എല്ലാം തിരുവനന്തപുരത്തുണ്ട്. ജനപ്രതിനിധികള്‍ തിരുവനന്തപുരത്തിനെ ഒരു ഇടത്താവളമായാണ് കാണുന്നത്. അവര്‍ ഓരോരുത്തരും സ്വന്തം മണ്ഡലത്തിലേ ശ്രദ്ധ കേന്ദ്രീകരിക്കൂ. കോവിഡിന് മുമ്പ് തന്നെ തലസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ നിരവധി കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അവതരിപ്പിച്ചിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വികസനകാര്യത്തില്‍ കൈകോര്‍ത്ത് മുന്നോട്ടു പോകണം. അല്ലാത്തപക്ഷം വികസനം മുരടിക്കുമെന്നും രഘുചന്ദ്രന്‍നായര്‍ പറയുന്നു.
നിലവില്‍ തലസ്ഥാനത്തു നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംതൃപ്തരാണ്. അടുത്തമാസം മുതല്‍ ഒരു വെബ്പോര്‍ട്ടല്‍ പുറത്തിറക്കും. നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്ക് കൂടി അറിയാനാണ് ഈ പോര്‍ട്ടല്‍. തലസ്ഥാനമേഖലയിലെ ഓരോ നിയോജകമണ്ഡലത്തിലും എത്രത്തോളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നത് ഈ പോര്‍ട്ടലില്‍ കൂടി അറിയാന്‍ സാധിക്കും. ചേംബര്‍ ഓഫ് കൊമേഴ്‌സും എവേക്ക് ട്രിവാന്‍ഡ്രവും ചേര്‍ന്നാണ് പോര്‍ട്ടല്‍ തയ്യാറാക്കുന്നത്. നിലവില്‍ നടക്കുന്ന പദ്ധതികള്‍, നടക്കാന്‍ പോകുന്ന പദ്ധതികള്‍ എന്നിവയെല്ലാം പോര്‍ട്ടലില്‍ ഉണ്ടായിരിക്കും. യുവാക്കള്‍ നാടുവിട്ടു പോകാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പലരും ഉപരിപഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളെയും ഇതര സംസ്ഥാനങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം സീനിയര്‍ സിറ്റിസണ്‍ സ്റ്റേറ്റ് ആയി മാറുമെന്നും രഘുചന്ദ്രന്‍നായര്‍ അടിവരയിട്ടുപറയുന്നു. സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കാന്‍ യുവാക്കള്‍ക്ക് കൈത്താങ്ങി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കൂടാതെ സംരംഭക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങളാണ് സര്‍ക്കാര്‍ വിഭാവന ചെയ്തിട്ടുള്ളത്. എന്തുതുടങ്ങിയാലും ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ഈസ് ഓഫ് ഡൂയിങ് കൂടി പ്രാവര്‍ത്തികമായാല്‍ എല്ലാ സംരംഭങ്ങളും വിജയിക്കും. യുവാക്കള്‍ കേരളത്തില്‍ നില്‍ക്കാന്‍ ശ്രമിക്കും. അങ്ങനെ കൂടുതല്‍ വ്യവസായസംരംഭങ്ങള്‍ ഉയരുമെന്നും രഘുചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു.