കേരളത്തില്‍ മാനുഫാക്ടറിങ് സംരംഭങ്ങള്‍ വിജയിക്കില്ലായെന്ന പരക്കെയുള്ള ധാരണ തിരുത്തിക്കുറിച്ച് മികച്ചരീതിയില്‍ പ്രവര്‍ത്തന മുന്നേറ്റം സാധ്യമാക്കിയ സംരംഭമാണ് വികെസി. മലയാളിയുടെ സംരംഭങ്ങളെന്നാല്‍ റീട്ടെയ്ല്‍ ബിസിനസുകള്‍ മാത്രമാണെന്ന ചില ബിസിനസ് നിരൂപകര്‍ക്കുള്ള മികച്ച മറുപടികൂടിയാണ് വികെസി ഗ്രൂപ്പിന്റെ വിജയം. 1984ല്‍ വി കെ സി മമ്മദ് കോയ വളരെ പരിമിതമായ രീതിയിലാണ് പാദരക്ഷാ നിര്‍മാണരംഗത്തേക്കു കടന്നുവന്നത്. 38 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2100 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയായി വികെസി ഗ്രൂപ്പ് മാറി. ലോകത്തിലെ എറ്റവും വലിയ പോളി യൂറിത്തീന്‍ പാദരക്ഷ നിര്‍മാതാക്കളാണ് വികെസി. ബിസിനസിന്റെ തിരക്കുകള്‍ക്കിടയിലും രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായ വി കെ സി മമ്മദ് കോയ കോഴിക്കോട് മേയറായും രണ്ട് തവണ എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സ്വന്തം പേരിനെ തന്നെ ബ്രാന്‍ഡാക്കിയ വി കെ സി മമ്മദ് കോയ കേരളത്തിലെ മുതിര്‍ന്ന സംരംഭകരില്‍ ഒരാളാണ്. സംസ്ഥാനത്തെ സംരംഭക കാലാവസ്ഥയെ ഏറെ പ്രതീക്ഷയൊടെയാണ് അദ്ദേഹം വീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാറും വ്യവസായ വകുപ്പും സംയുക്തമായി വ്യവസായങ്ങളുടെ ലൈസന്‍സിങ് മാര്‍ഗരേഖ പുതുക്കിയത് പുതു സംരംഭകര്‍ക്ക് ഊര്‍ജ്ജമേകുമെന്ന അഭിപ്രായക്കാരനാണ് വി കെ സി മമ്മദ് കോയ.
ലൈസന്‍സിങ് എളുപ്പമാക്കി
നേരത്തെ വ്യവസായ മേഖല ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയിരുന്നത് ലൈസന്സുമായ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ ലഘൂകരിച്ചത് സംരംഭര്‍ക്ക് ആശ്വാസമാണ്. വ്യവസായവകുപ്പിന്റെ കെസ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ മൂന്നു വര്‍ഷം വരെ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ജോലി എളുപ്പമാക്കി. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന എകീകൃത പരിശോധനയും വ്യവസായികള്‍ക്ക് ഏറെ സഹായകരമാണ്. 50 കോടിയിലധികം മുതല്‍മുടക്കുള്ള ബിസിനസുകള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം കോംപസിറ്റ് ലൈസന്‍സും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മുമ്പ് പല വ്യവസായങ്ങളും തുടക്കത്തിലെ പൂട്ടിപോകുന്നത് ലൈസന്‍സുമായി ബന്ധപ്പെട്ട നൂലാമാലകള്‍ കാരണമായിരുന്നുവെന്ന് വി കെ സി മമ്മദ് കോയ പറയുന്നു.
മാറ്റം തദ്ദേശസ്ഥാപനങ്ങള്‍ക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംരംഭങ്ങളോടുള്ള താല്പര്യക്കുറവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇവിടെ പ്രകടമായിരുന്നു. പഞ്ചായത്ത,് കോര്പ്പറേഷന് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ലൈസന്‍സുകള്‍ നേടിയെടുക്കാന്‍ സംരംഭകര്‍ കയറിയിറങ്ങി നടക്കണമായിരുന്നു. അപേക്ഷ കൊടുത്താല്‍ ഓരോ കാര്യം പറഞ്ഞ് നടത്തിക്കുക പതിവാണ്. ഒരു സര്‍ട്ടിഫിക്കറ്റുമായി ചെല്ലുമ്പോള്‍ പുതിയൊരു സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുമായിരുന്നു. ഇന്ന് പക്ഷേ സ്ഥിതിമാറി. ലൈസന്‍സിങ് എളുപ്പമാക്കിയത് സമയബന്ധിതമായി സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കും. സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം തദ്ദേശസ്ഥാപനങ്ങള്‍ക്ക് വ്യവസായികളോടുള്ള മനോഭാവത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇന്ന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള താത്പര്യം അവര്‍ക്കും വര്‍ധിച്ചിട്ടുണ്ട്.
കാര്യക്ഷമതയില്‍ മലയാളികള്‍ മുന്നില്‍
ഏറ്റവും കൃത്യതയോടെയും കാര്യക്ഷമതയോടെയും ജോലി ചെയ്യാന്‍ മലയാളി തൊഴിലാളികള്‍ക്കാണ് സാധിക്കുന്നതെന്ന് വി കെ സി മമ്മദ് കോയ പറയുന്നു. ഏല്‍പ്പിക്കുന്ന ജോലി ഏറ്റവും വൃത്തിയായി ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ ഒരുജോലി ഏല്‍പ്പിച്ചാല്‍ നമ്മള് കൂടെ നില്‍ക്കണം. മലയാളികളോട് അതിന്റെ ആവശ്യമില്ല. ഈ ഗുണമാണ് മലയാളി എവിടെ പോയാലും വിജയിക്കാനുള്ള പ്രധാന കാരണവും.
ഹവായ് ചപ്പല്‍ നിര്‍മാണത്തിലെ കേരളീയ മാതൃക
വളരെ ചെറിയ തോതില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ് വികെസി. ഹവായ് ചപ്പലുകള്ക്കായുള്ള എംസി ഷീറ്റ് നിര്‍മിച്ചു കൊണ്ടാണ് ഫുട്വെയര് മാനുഫാക്ച്ചറിങ് രംഗത്തേക്കു കടന്നു വന്നത്. നിലവില്‍ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, ഗുജറാത്ത്, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി 24 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ശ്രീലങ്ക, സുഡാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഫാക്ടറികളുണ്ട്. അഞ്ഞൂറിലധികം മോഡലിലുള്ള പാദരക്ഷകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വികെസി വളര്‍ന്നതിനോടൊപ്പം നിരവധിപേര്‍ക്ക് ഫുട്വെയര് മാനുഫാക്ടറിംഗ് രംഗത്ത് കടന്നു വരാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ന് നിരവധി ചെറു പാദരക്ഷാ നിര്‍മാണ യൂണിറ്റുകള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വി കെ സി മമ്മദ് കോയ പറഞ്ഞു.