അമ്മാവനായ ഡോ.വി പി സിദ്ധനില്‍ നിന്നും 1983ല്‍ ഡോ.എ വി അനൂപ് ബിസിനസ് ഏറ്റെടുക്കുമ്പോള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, ഹാന്‍ഡ്‌മെയ്ഡ് സോപ്പ് നിര്‍മിക്കുന്ന കമ്പനി മാത്രമായിരുന്നു മെഡിമിക്സ്. പതിനെട്ട് ആയുര്‍വേദ മൂലികകള്‍ ചേര്‍ത്ത് ചെന്നൈയിലുള്ള ഒരു കൊച്ചുവീടിന്റെ അടുക്കളയില്‍ നിര്‍മിച്ച മെഡിമിക്‌സ് സോപ്പ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പായി മാറിയതിനു പിന്നില്‍ ഡോ.എ വി അനൂപ് എന്ന സംരംഭകന്റെ കൃത്യമായ മാനേജ്മെന്റ് തന്ത്രങ്ങളുണ്ട്. ഒരു സംരംഭം വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനവും ക്ഷമയും അര്‍പ്പണവും ഒരുമിച്ചുവേണമെന്ന് വിശ്വസിക്കുന്നയാളാണ് എവിഎ ഗ്രൂപ്പിന്റെ സ്ഥാപകന്‍കൂടിയായ ഡോ.അനൂപ്. സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഉള്‍പ്പടെ എവിഎ ഗ്രൂപ്പിനു കീഴില്‍ നിലവില്‍ ആറ് വന്‍കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ, ചലച്ചിത്ര മേഖലകളില്‍ സജീവ സാന്നിധ്യമുറപ്പിച്ച ഡോ.അനൂപ് കേരളത്തിലെ സംരംഭകകാലവസ്ഥയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
കേരളം നിക്ഷേപ സൗഹൃദം തന്നെ
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നു ഡോ.എ വി അനൂപ് പറയുന്നു. മെഡിമിക്സ് ചെന്നൈയിലാണ് ആരംഭിച്ചതെങ്കിലും കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി കേരളത്തിലാണ് കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. മേളം ബ്രാന്‍ഡ് വാങ്ങിയതിനു ശേഷം കേരളത്തില്‍ കൂടുതല്‍ സജീവമാണ് എവിഎ ഗ്രൂപ്പ്. മേളം മസാലയുടെ ഫാക്ടറികളെല്ലാം ഇവിടെയാണുള്ളത്. ആദ്യംമുതലേ നല്ല സഹകരണമാണ് തൊഴിലാളികളുടെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടുള്ളത്. മേളം ബ്രാന്‍ഡ് ഏറ്റെടുത്തതിനു ശേഷം പ്രൊഡക്റ്റിവിറ്റി വളരെയേറെ വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. സഞ്ജീവനം എന്ന തന്റെ ഡ്രീം പ്രോജക്റ്റും കൊച്ചിയിലാണ് ആരംഭിച്ചത്. സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുള്ള ആയുര്‍വേദ ഹോസ്പിറ്റലാണ്. ആദ്യ വര്‍ഷം തന്നെ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടാന്‍ സഞ്ജീവനത്തിന് കഴിഞ്ഞു. കേരളത്തില്‍ തന്റെ സംരംഭങ്ങളെല്ലാം വളരെ സുഗമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോ.അനൂപ് പറയുന്നു.
കേരളവും ആയുര്‍വേദവും
കേരളത്തിന് ഏറെ സാധ്യതകളുള്ള ആയുര്‍വേദത്തെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അര്‍ഹിക്കുന്ന അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചിട്ടില്ല. സഞ്ജീവനം ആരംഭിക്കാന്‍ അമേരിക്ക, ജപ്പാന്‍, ഗള്‍ഫ് തുടങ്ങി വിവിധ നാടുകളില്‍ നിന്നും ബന്ധപ്പെടുന്നുണ്ട്. അവിടെയെല്ലാം ആയുര്‍വേദം പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല. ആയുര്‍വേദത്തിന് ലോകമെമ്പാടുമുള്ള അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുറന്ന മനസോടും കാഴ്ചപ്പാടോടും കൂടി പ്രവര്‍ത്തിക്കണം. പോസ്റ്റ് കോവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ധാരാളം ആളുകള്‍ ആയുര്‍വേദം തേടി വരുന്നുണ്ട്. അതിന്റെ സാധ്യതകള്‍ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന് സാധിക്കണം. മറ്റ് രാജ്യങ്ങളില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കൂടിയേ തീരൂ.
മെഡിമിക്സ് എന്ന ബ്രാന്‍ഡിലൂടെയാണ് തങ്ങള്‍ ആയുര്‍വേദത്തെ ലോകം മുഴുവന്‍ എത്തിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ ആള്‍ട്രനേറ്റീവ് മെഡിസിനിലേക്ക് മാറികൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ആയുര്‍വേദത്തിന് നല്ല പ്രസക്തിയുണ്ട്. ഭാവിയില്‍ സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍ കൂടുതല്‍ ഇടങ്ങളില്‍ വ്യാപിപ്പിക്കും. നവകേരളമെന്ന സങ്കല്‍പ്പത്തിന് ഉതകുന്നരീതിയില്‍ എല്ലാവിധ മാറ്റങ്ങളോടും കൂടിയാണ് സഞ്ജീവനത്തെ അവതരിപ്പിച്ചത്. വിദേശികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് മന്ദഗതിയിലായിരുന്ന പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണതോതില്‍ വീണ്ടെടുക്കാന്‍ സാധിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയുര്‍വേദത്തിന്റെ നന്മ അടുത്തറിയാന്‍ ഇവിടെ എത്തുന്നതായും ഡോ.അനൂപ് കൂട്ടിച്ചേര്‍ക്കുന്നു.
പ്രതിസന്ധികള്‍ എല്ലാ കാലത്തും
തിരുവനന്തപുരത്തു നിന്നും താന്‍ ചെന്നൈയിലേക്ക് വരുന്നത് ആ നാടിനെ കുറിച്ചോ സോപ്പ് മേക്കിങ്ങിനെ കുറിച്ചോ ഒന്നും അറിയാതെയാണ്. സമരം മൂലം ഫാക്ടറി അടച്ചിട്ട കാലം കൂടിയായിരുന്നു അത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെയാണ് അച്ഛന്‍ മരിച്ചത്. സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള നടപടിക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ പല അബദ്ധങ്ങളും ബിസിനസില്‍ ചെയ്തിട്ടുണ്ട്. തെറ്റുകളിലൂടെയാണ് പലതും പഠിച്ചത്. അതെല്ലാം മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. നല്ലതും മോശവുമായ അനുഭവങ്ങളാണ് വിജയം നേടിയ ബിസിനസുകാരനാക്കി തന്നെ മാറ്റിയതെന്നും ഡോ.അനൂപ് പറയുന്നു. പ്രതിസന്ധികള്‍ ബിസിനസില്‍ എല്ലാം കാലത്തും ഉണ്ടാകും. ആദ്യകാലത്ത് ബിസിനസില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭവിഷത്തുകളെ കുറിച്ചൊന്നും ബോധവാനായിരുന്നില്ല. ഇന്ന് ഏത് പ്രതിസന്ധിയേയും നേരിടാമെന്ന ആത്മവിശ്വാസമുണ്ട്. സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാം നിയമങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മെഡിമിക്സ്. തൊഴിലാളികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കികൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ ഏത് പ്രതിസന്ധികളേയും ധൈര്യപൂര്‍വ്വം നേരിടാന്‍ ഇന്ന് തങ്ങള്‍ക്ക് സാധിക്കുമെന്നും ഡോ.അനൂപ് വ്യക്തമാക്കുന്നു.
ഹാന്‍ഡ്‌മെയ്ഡ് എന്ന യുണിക് സെല്ലിങ് പ്രിപ്പോസിഷന്‍
അമ്പത്തിമൂന്നുകൊല്ലം മുമ്പ് മെഡിമിക്സ് ആരംഭിക്കുമ്പോള്‍ വലിയ മെഷീനുകള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. കൈകൊണ്ടാണ് അന്ന് സോപ്പ് നിര്‍മിച്ചത്. കൈകൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ടാക്സ് ബെനിഫിറ്റുകള്‍ അക്കാലത്ത് ഉണ്ടായിരുന്നു. പിന്നീട് ഹാന്‍ഡ്‌മെയ്ഡ് എന്നത് ബിസിനസിന്റെ യുഎസ്പി (യുണീക്ക് സെല്ലിങ് പ്രിപ്പോസിഷന്‍)ആയി മാറി. കൈകൊണ്ടുണ്ടാക്കുന്ന സോപ്പിന് ഉപഭോക്താക്കള്‍ പ്രത്യേകത കല്‍പ്പിച്ചിരുന്നു. ഇന്നും ട്രഡീഷണല്‍ മെത്തേഡ് നിലനിര്‍ത്തികൊണ്ട് തന്നെയാണ് മെഡിമിക്സിന്റെ നിര്‍മാണം. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുള്ള മേഖലകളില്‍ മെഷിനറി ഉപയോഗിക്കുന്നുണ്ടെന്ന് മാത്രം. തങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ആയുര്‍വേദം അല്ലെങ്കില്‍ പേഴ്സണല്‍ കെയര്‍ നാച്ചുറല്‍ പ്രൊഡക്റ്റുകളാണ്. പുതിയ പ്രൊഡക്റ്റുകള്‍ നിര്‍മിക്കാനും വിപണിയിലെത്തിക്കാനും മെഡിമിക്സ് എപ്പോഴും മുന്‍പന്തിയിലുണ്ട്. കമ്പനിയുടെ വളര്‍ച്ചയ്ക്കൊപ്പം ജീവനക്കാര്‍ക്ക് മികച്ച ജീവിത സാഹചര്യം ഉറപ്പുവരുത്താനും എവിഎ ഗ്രൂപ്പ് ശ്രദ്ധിക്കുന്നുണ്ട്. കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുടുംബത്തില്‍ വന്ന സന്തോഷകരമായ മാറ്റങ്ങള്‍ കമ്പനിക്ക് അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും ഡോ. അനൂപ് പറയുന്നു