സംരംഭക വര്‍ഷത്തില്‍ പുതുസംരംഭകര്‍ക്ക് കൈനിറയെ പദ്ധതികള്‍

 

ടി എസ് ചന്ദ്രന്‍

ഇത് സംരംഭക വര്‍ഷമാണ്. ഒരു ലക്ഷം പുതുസംരംഭങ്ങളാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നിരവധി സഹായ പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശീലനം സിദ്ധിച്ച ടെക്നോക്രാറ്റുകളെ ഇതിനായി നിയമിച്ചു കഴിഞ്ഞു. ഇന്റേണ്‍ ആയി നിയമിച്ചിരിക്കുന്ന ഇവര്‍ സംരംഭകര്‍ക്ക് ആവശ്യമായ എല്ലാവിധ കൈത്താങ്ങും നല്‍കും. പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ ഓഫീസുകളെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട നിരവധി സേവനങ്ങളാണ് ഇപ്പോള്‍ താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴി നല്‍കിവരുന്നത്.

പുതിയ സാമ്പത്തിക പദ്ധതികള്‍

ഒരുലക്ഷം പുതുസംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഭാഗമായി ആദ്യത്തെ ഒരു പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാകട്ടെ വായ്പ എടുക്കുന്ന എല്ലാത്തരം സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 

‘ഒരു ഭവനം ഒരു സംരംഭം’ : നാല് ശതമാനം പലിശയ്ക്ക് വായ്പ, ബാക്കി പലിശ സര്‍ക്കാര്‍ നല്‍കും

ചെറിയ സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി നല്‍കുന്ന ഒരു മികച്ച പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സംരംഭക വര്‍ഷം പ്രമാണിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്. ‘ഒരു ഭവനം ഒരു സംരംഭം ‘ എന്നതാണ് പദ്ധതിയുടെ പേര്. ഇത് സംബന്ധിച്ച് ജൂലൈ 22ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഏതുമേഖലയില്‍ ആയാലും പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസം പകരുന്ന ഒരു പദ്ധതിയാണിത്.

ആനുകൂല്യങ്ങള്‍ ഇങ്ങനെ

* 10 ലക്ഷം രൂപയില്‍ താഴെ വായ്പ എടുത്ത് ഒരു സംരംഭം തുടങ്ങുമ്പോള്‍ സംരംഭകര്‍ നല്‍കേണ്ടി വരുന്ന പലിശ നാല് ശതമാനം ആയിരിക്കും. ബാക്കി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കും. ഇത് പരമാവധി അഞ്ച് ശതമാനം വരെ ആയിരിക്കും.

* ഈ ആനുകൂല്യം അഞ്ച് വര്‍ഷത്തേക്ക് ലഭിക്കും. 2022 ഏപ്രില്‍ ഒന്നിനു ശേഷം വായ്പ എടുത്തവര്‍ക്ക് പ്രയോജനം ലഭിക്കും.

* ഇതിന്റെ 50 ശതമാനം ഗുണഭോക്താക്കള്‍ വനിതകള്‍ ആയിരിക്കണം.

* 45 വയസില്‍ താഴെയുള്ള സംരംഭകര്‍, വിമുക്തഭടന്‍, എസ്സി/ എസ്ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

* സാധാരണ വ്യവസായം/സേവനം ചെയ്യുന്ന സംരംഭകര്‍ക്ക് മാത്രമേ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാറുള്ളു. എന്നാല്‍ ഒരു ഭവനം ഒരു സംരംഭം പദ്ധതിയില്‍ കച്ചവടത്തിനും ജോബ് വര്‍ക്സിനും ഈ ആനുകൂല്യം ലഭിക്കും.

ആനുകൂല്യം ലഭിക്കുന്ന ഘടകങ്ങള്‍ (sub heading)

* പ്ലാന്റ്, മെഷിനറികള്‍, ഉപകരണങ്ങള്‍, ഇലക്ട്രിഫിക്കേഷന്‍, ജിഗ്സ്, ഓഫീസ് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയ്ക്ക് അര്‍ഹത.

* പ്രവര്‍ത്തന മൂലധന വായ്പക്കും ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇത് പദ്ധതി ചെലവിന്റെ 50 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല.

 

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ഓണ്‍ലൈന്‍ ആയി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. സംരംഭകന്റെ കെവൈസി, ഉദ്യം രജിസ്ട്രേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട്, വായ്പ അനുവദിച്ച കത്ത് തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച് രജിസ്ട്രേഷന്‍ നടത്തുകയാണ് ആദ്യ നടപടി. ആനുകൂല്യത്തിനുള്ള അപേക്ഷ അതിനു ശേഷമേ സമര്‍പ്പിക്കാനാകൂ. ബാങ്കിന്റെ വായ്പ, വിതരണം, തിരിച്ചടവ്, ശുപാര്‍ശ എന്നീ വിവരങ്ങളാണ് ആനുകൂല്യത്തിനായി സമര്‍പ്പിക്കേണ്ടത്. വാര്‍ഷിക പലിശയാണ് സര്‍ക്കാര്‍ നല്‍കുക. വായ്പ പാസാക്കി മൂന്ന് മാസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ ഒരു വര്‍ഷം വരെയുള്ള അപേക്ഷകളും മാപ്പാക്കി പരിഗണിക്കും.

 

താലൂക്ക് വ്യവസായ ഓഫീസ് വഴി

താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം. പ്രാഥമിക ശുപാര്‍ശ സമര്‍പ്പിക്കുന്നത് ഈ ഓഫീസിലാണ്. ആനുകൂല്യങ്ങള്‍ അനുവദിച്ച് വിതരണം നടത്തുന്നത് അതാതു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആണ്. 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ തീരുമാനം എടുത്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം വഴി മാത്രമേ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യൂ. ജനറല്‍ മാനേജരുടെ തീരുമാനത്തില്‍ അതൃപ്തി ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണം. വ്യവസായ വാണിജ്യ ഡയറക്ടര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്.

ഈ പദ്ധതി മികച്ചതാകുന്ന കാരണങ്ങള്‍

1) കച്ചവടം നടത്തുന്നതിന് ആനുകൂല്യം കിട്ടും.

2) അഞ്ചുവര്‍ഷം തുടര്‍ച്ചയായി ലഭിക്കുന്നു.

എന്നാല്‍ ഫാം സെക്ടറിനെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പദ്ധതി കുറച്ചുകൂടി മികച്ചതാകുമായിരുന്നു. സര്‍ക്കാരിന് ഇക്കാര്യം ഇനിയും പരിഗണിക്കാവുന്നതേയുള്ളു.

 

(പ്രശസ്ത സംരംഭക പരിശീലകനും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമാണ്

 

Related posts

Leave a Comment