വ്യവസായ സംരംഭകരുടെ വര്‍ഷങ്ങളുളടെ കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്ത് സ്വകാര്യ വ്യസായ പാര്‍ക്കുകള്‍ വരവായി. മൂന്നര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നൂറു വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
പത്ത് ഏക്കറോ അതില്‍ കൂടുതലോ ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ അപേക്ഷിക്കാം. 15 ഏക്കറില്‍ കൂടുതലാണെങ്കില്‍ ഭൂപരിഷ്ക്കരണ നിയമത്തിന് അനുസൃതമായ അനുമതി വേണ്ടിവരും. വ്യക്തികള്‍, ട്രസ്റ്റുകള്‍, കൂട്ടു സംരംഭങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി മൂന്നു കോടി രൂപ സര്‍ക്കാറില്‍ നിന്നു സബ്സിഡി ലഭിക്കും. 5 ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും പദ്ധതി ആരംഭിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ തുടങ്ങാം. അപേക്ഷകളില്‍ വകുപ്പു സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അനുമതി ലഭിക്കുന്ന സംരംഭകര്‍ക്ക് എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കും.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നാല് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചു. വി.എം.പി.എസ് ഫുഡ് പാര്‍ക്ക് കണ്ണൂര്‍, മലബാര്‍ എന്റര്‍പ്രൈസസ് മലപ്പുറം, ഇന്ത്യന്‍ വെര്‍ജിന്‍ സ്പൈസസ് കോട്ടയം, കടമ്പൂര് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് പാലക്കാട് എന്നിവയാണ് അനുമതി ലഭിച്ച സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍. ഇവ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് സര്‍ക്കാറിന്റെ വ്യവസായ പാര്‍ക്കുകളുടെ അതേ അവകാശങ്ങളുണ്ടാകും. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് / ജില്ലാ വ്യവസായ ഓഫീസുകളില്‍ നിന്നു ലഭിക്കും.