നിഖില്‍ ഗോപാലകൃഷ്ണന്
ചെറുകിട സംരംഭം എന്നു കേട്ടാലേ എന്നും എല്ലാവര്ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. കമ്മീഷനോ പ്രോഫിറ്റോ ആശ്രയിക്കുന്ന, നിശ്ചിത വേതനം ലഭിക്കാത്ത ആളുകളെയാണ് ചെറുകിട സംരംഭകര്‍ എന്നു പറയുന്നത്. ബിസിനസില്‍ പ്രോഫിറ്റ് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഇവര്‍ക്കു മാത്രമായിരിക്കും. ബിസിനസ് ആരാണോ മുന്നോട്ടുകൊണ്ടുപോകുന്നത് ആ വ്യക്തി തന്നെയായിരിക്കും ബിസിനസിന്റെ കേന്ദ്രസ്ഥാനം. ഈ വ്യക്തിയുടെ പ്രവര്‍ത്തനത്തിലൂടെയായിരിക്കും ബിസിനസ് മുന്നോട്ടുപോവുക എന്നതാണ് ചെറുകിട സംരംഭത്തിന്റെ പ്രത്യേകത.
പലരും ഒരു കമ്പനിയായി രജിസ്റ്റര്‍ പോലും ചെയ്തിട്ടുണ്ടാകില്ല. ചിലപ്പോള്‍ സെല്‍ഫ് എംപ്ലോയ്ഡ് ആയിട്ടുള്ളവരും ചെറുകിട സംരംഭകരായി സ്വയം പരിചയപ്പെടുത്താറുണ്ട്. എല്‍ഐസി ഏജന്റുമാര്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങില്‍ ജോലി ചെയ്യുന്നവര്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷെ അടിസ്ഥാനപരമായി ഇവര്‍ സംരംഭകര്‍ ആയിരിക്കില്ല. പക്ഷെ ഇവരും പേഴ്സണല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യുന്നതില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് ബിസിനസില്‍ അനിവാര്യമാണ്.
ബിസിനസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഫിനാന്‍സ് കൈകാര്യം ചെയ്യുന്നതില്‍ ഇന്‍ബാലന്‍സ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഈ സാഹചര്യങ്ങളെ നേരിടാന്‍ സാമ്പത്തിക അച്ചടക്കം പാലിക്കണം. പ്രതിസന്ധി മറികടക്കാന്‍ സംരംഭകന് അദ്ദേഹത്തിന്റെ വ്യക്തിപരമായ സമ്പാദ്യവും ബിസിനസിലെ സമ്പാദ്യവും ഒരുമിച്ചു കൈകാര്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ഭാവിയില്‍ ഗുരതരമായ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയാക്കിയേക്കാം. ഈ സാഹചര്യം ഒഴിവാക്കാന്‍ തുടക്കത്തില്‍ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് പ്രധാനമാണ്. സാമ്പത്തിക അച്ചടക്കം ബിസിനസില്‍ പ്രാവര്‍ത്തികമാക്കാന്‍ അടിസ്ഥാനപരമായി പാലിക്കേണ്ട പത്ത് കാര്യങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഇത് സാധ്യമാക്കാന്‍ കഴിഞ്ഞാല്‍ ബിസിനസില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.
1) സമ്പാദ്യത്തിലെ വേര്‍തിരിവ്
ഏതൊരു ചെറുകിട സംരംഭകനും അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം വ്യക്തിപരമെന്നും മറ്റൊരു ഭാഗം ബിസിനസ് എന്നും വേര്‍തിരിച്ച് മുന്നോട്ടുപോകണം. രണ്ട് സമ്പാദ്യങ്ങളും തമ്മില്‍ ഒരിക്കലും കൂട്ടിയോജിപ്പിക്കരുത്. രണ്ടിനും വ്യത്യസ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുകയും വേണം. ബിസിനസിന്റെ തുടക്കം മുതല്‍ ഈ വേര്‍തിരിവിലൂടെ മാത്രം മുന്നോട്ടുപോവുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പലര്‍ക്കും ഇത് പാലിക്കാന്‍ സാധിക്കാതെ പോകാറുമുണ്ട്. അത് സാമ്പത്തിക ബുദ്ധിമുട്ടിലേയ്ക്ക് നയിക്കുകയും ചെയ്യും.
2) കൃത്യമായ വേതനം നിശ്ചയിക്കുക
സംരംഭത്തിന്റെ നേതൃത്വം വഹിക്കുന്നത് ആരാണോ അവര്‍ക്ക് കൃത്യമായ വേതനം ഉറപ്പാക്കുക എന്നത് ബിസിനസിന്റെ വളര്‍ച്ചയില്‍ വലുതാണ്. കുടുംബാഗംങ്ങളോ മറ്റു ജീവനക്കാരോ ആരുമായിക്കൊള്ളട്ടെ, നിശ്ചിത വേതനം ഉറപ്പാക്കണം. ബിസിനസും വ്യക്തിജീവിതവും രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞ് തുടക്കം മുതല്‍ പ്രവര്‍ത്തിക്കുകയും വേണം. വ്യക്തപരമായ ആവശ്യങ്ങള്‍ ബിസിനസുമായി കൂട്ടിക്കലര്‍ത്തി ഒരിക്കലും പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം.
3) ബിസിനസിന് എമര്‍ജന്‍സി ഫണ്ട് നീക്കിവെക്കുക
ഏതൊരു ബിസിനസിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. എപ്പോഴും ഒരേ രീതിയില്‍ മുന്നോട്ടുപോകണമെന്ന് നിര്‍ബന്ധമില്ല. ആറു മുതല്‍ 12 മാസം വരെയുള്ള ജീവനക്കാരുടെ വേതനം, മറ്റ് ചെലവുകള്‍ എന്നിവ ആദ്യം തന്നെ എമര്‍ജന്‍സി ഫണ്ടായി നീക്കി വെയ്ക്കണം. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാല്‍ ഈ ഫണ്ടില്‍ നിന്നും പണം കൈകാര്യം ചെയ്യാന്‍ സാധിക്കും. അതല്ലെങ്കില്‍ പണം മറ്റിടങ്ങളില്‍ നിന്നും എടുക്കേണ്ടതായി വരികയും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുകയും ചെയ്യും.
4) കമ്പനി രൂപീകരണം
ബിസിനസില്‍ കമ്പനി രൂപീകരണം എന്നത് വലിയൊരു തീരുമാനമാണ്. കാരണം ബിസിനസ് ആരംഭിക്കുന്നത് പ്രൊപ്രൈറ്റര്ഷിപ്പിലോ പാര്‍ട്ട്ണര്‍ഷിപ്പിലോ ആയിരിക്കാം. അതുകൊണ്ടുതന്നെ ബിസിനസ് വിജയിച്ചതിനുശേഷം മാത്രം കമ്പനിയായി രൂപീകരിക്കുന്നതാകും നല്ലത്. കമ്പനിയായി രൂപീകരിക്കുന്നത് ടാക്സ് ബെനിഫിറ്റ്, ഓഡിറ്റിങ്ങ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. സര്‍ക്കാരില്‍ നിന്നുള്ള സഹായം, കമ്പനിയുടെ വിപുലീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും ഇത് സഹായിക്കും.
5) പേഴ്സണല്‍ ഫിനാന്‍സ് കൃത്യമായി കൈകാര്യം ചെയ്യുക
സ്വന്തം ബിസിനസ് ആണെങ്കില്‍ കൂടി നിശ്ചിത വേതനം കൃത്യമായി എടുക്കുക. നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള വേതനം എടുക്കുകയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെല്ലാം ഈ സാലറിയില്‍ നിന്നും തുക ചിലവാക്കുകയും ബിസിനസിനുവേണ്ടി മാറ്റിവെച്ചിട്ടുള്ള തുകയുമായി കൂട്ടിയോജിപ്പിക്കാതിരിക്കുകയും ചെയ്യുക. ബിസിനസില്‍ ഏതെങ്കിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ ലോണ്‍ ആയി തുക എടുക്കുകയും പ്രതിസന്ധി പരിഹരിച്ചതിനുശേഷം ലോണ്‍ തിരിച്ചടക്കുകയും ചെയ്യുക.
6) പേഴ്സണല്‍ എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കുക
ജീവിതത്തിലെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തിപരമായ ആവശ്യങ്ങള്‍ എപ്പോഴും വന്നുകൊണ്ടിരിക്കും. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു വര്‍ഷത്തേക്കുള്ള ഫണ്ട് നീക്കിവെക്കുക. ബിസിനസില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ ഇത് ഉപകരിക്കും.
7) ഇന്‍ഷുറന്‍സ് ഉണ്ടാകണം
ബിസിനസില്‍ ഏറ്റവും പ്രധാനമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ്. കുടുംബത്തിന്റെ സാമ്പത്തിക പിന്തുണയ്ക്ക് ഇത് ഉപകരിക്കും. നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ ഹോസ്പിറ്റല്‍ ആവശ്യം വന്നാല്‍ ആരെയും ആശ്രയിക്കാതെയോ ലോണ്‍ വാങ്ങാതെയോ മുന്നോട്ട് പോകാന്‍ സാധിക്കും. ടേം ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി എടുക്കുന്നതാകും ഉചിതം. 25 ലക്ഷത്തിന്റെയെങ്കിലും പോളിസി എടുത്തിരിക്കണം.
8) ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയുക
ബിസിനസിനോടൊപ്പം അവനവന്റെ ഉത്തരവാദിത്തങ്ങളും സ്വപ്നങ്ങളും എന്താണെന്ന് മനസിലാക്കി അത് എഴുതി വെയ്ക്കുക. കുട്ടികളുടെ വിദ്യാഭ്യസം, വീട്, കാര്‍, വിവാഹം, അങ്ങനെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനെല്ലാം ചെലവാകുന്ന തുക എത്രയാണെന്ന് കണ്ടെത്തി അത് മാറ്റിവെയ്ക്കുക. ഇതിനെല്ലാം ആവശ്യമായ തുക നിങ്ങളുടെ കയ്യില്‍ ഉണ്ടോ എന്ന് ആദ്യം തിരിച്ചറിയണം. അതായിരിക്കും നിങ്ങളുടെ ബിസിനസ് വളര്‍ത്തിയെടുക്കാനുള്ള പ്രചോദനം.
9) നല്ലൊരു ടാക്സ്പേയര്‍ ആവുക
ബിസിനസില്‍ എപ്പോഴും നിങ്ങള്‍ നല്ലൊരു ടാക്സ്പേയര്‍ ആയിരിക്കണം. ഇന്‍കംടാക്സ് റിട്ടേണ്‍സ് കൃത്യമായി അടയ്ക്കുക എന്നത് പ്രധാനമാണ്. ടാക്സ് എത്രയാണോ കൊടുക്കേണ്ടത് അത് കൊടുത്ത് ബിസിനസ് വളര്‍ത്താന്‍ സാധിക്കും. മാത്രമല്ല ഇന്കംടാക്സില് നിന്നുള്ള അനാവശ്യ പെനാലിറ്റികള്‍ ഒഴിവാക്കാനും അത് ഉപകരിക്കും. ഉത്തരവാദിത്തമുള്ള ഒരു സംരംഭകനാണെന്ന് അവര്‍ക്ക് മനസിലാവുകയും ചെയ്യും. മികച്ച ഇന്‍ഷുറന്‍സുകള്‍ ലഭിക്കാനും സഹായിക്കും.
10) സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിക്കണം
നിങ്ങളുടെ ബിസിനസിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തി വെയ്ക്കുക. ഇന്‍വെസ്റ്റ്മെന്റുകള്‍ എവിടെയാണെന്നും നോമിനി ആരാണെന്നും ഉള്ള വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക. നിങ്ങളുടെ അഭാവത്തില്‍ അടുത്ത പിന്‍ഗാമിക്ക് തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും. കൂടാതെ ഒരു വില്പത്രം എഴുതിവെയ്ക്കുന്നതും പ്രയോജനം ചെയ്യും. അല്ലാത്തപക്ഷം നിങ്ങളുടെ അഭാവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
ഈ പത്ത് കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ ബിസിനസ് സുഗമമായി മുന്നോട്ടു കൊണ്ടു പോകാനും പേഴ്സണല്‍ ഫിനാന്‍സ് നന്നായി കൈകാര്യം ചെയ്യാനും സാധിക്കും. സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും പലപ്പോഴും പലരുടെയും മടിയും നീക്കിവയ്ക്കലും കാരണം സാമ്പത്തിക നഷ്ടം ഉണ്ടാവാറുണ്ട്. ഈ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്താല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ പ്രാവര്ത്തികമാക്കുന്നതാകും നല്ലത്. ആറു മാസം കൂടുമ്പോള്‍ ഒരു മീറ്റിങ് നടത്തി കാര്യങ്ങള്‍ വിലയിരുത്തുന്നതും ബിസിനസ് സാമ്പത്തികമായി വിജയിക്കാന്‍ ഏറെ സഹായിക്കും.
(പ്രശസ്ത ഫിനാന്‍ഷ്യല്‍ വ്ളോഗ്ഗറും (മണി ടോക്സ് വിത്ത് നിഖില്‍)
പെന്റാഡ് സെക്യൂരിറ്റീസ് സിഇഒയുമാണ് ലേഖകന്‍)