റിലയന്‍സ് ജിയോ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയല്‍ ആരംഭിച്ചു. മുംബൈ, കൊല്‍ക്കത്ത, വാരണസി എന്നിവിടങ്ങളില്‍ ഇന്നലെ മുതലാണ് ബീറ്റാ ട്രയല്‍ ആരംഭിച്ചത്. ട്രയലിന്റെ ഉപയോക്താക്കള്‍ക്ക് നിലവില്‍ 1ജിപിഎസില്‍ കൂടുതല്‍ വേഗത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കും. നിലവില്‍ ഇന്‍വിറ്റേഷന്‍ ബേസില്‍ മാത്രമേ 5ജി സേവനങ്ങള്‍ ലഭ്യമാകൂ. ക്രമേണ മുഴുവന്‍ നഗരങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായി 5ജി സിഗ്നലുകള്‍ ലഭിക്കാന്‍ തുടങ്ങും.
സ്റ്റാന്‍ഡ്-എലോണ്‍ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെല്‍ക്കം ഓഫര്‍’ ഉള്ള ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാന്‍ഡ്സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്ഗ്രേഡ് ചെയ്യപ്പെടും. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്.