പ്രതിദിനം 20 ലക്ഷം ബാരലിന്റെ(ആഗോള വിതരണത്തിന്റെ രണ്ടുശതമാനം) കുറവുവരുത്താനുള്ള തീരുമാനം പുറത്തുവന്നതോടെ എണ്ണ വിലയില്‍ ഒരു ശതമാനം വര്‍ധനവുണ്ടായി. വിതരണം കുറച്ച് ആഗോളതലത്തില്‍ ഡിമാന്റ് കൂട്ടുകയെന്ന ലക്ഷ്യമാണ് ഒപെക് രാജ്യങ്ങള്‍ക്കുള്ളത്. 2020നുശേഷം ഇതാദ്യമായാണ് ഉത്പാദനം കുറച്ച് ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2022 നവംബര്‍ മുതല്‍ 2023 ഡിസംബര്‍വരെ ഉത്പാദനം കുറയ്ക്കാനാണ് നിലവിലെ തീരുമാനം.
യുക്രൈന് അധിനിവേശത്തിനുശേഷം, ഉപരോധം ഏര്‍പ്പെടുത്തി റഷ്യയുടെ എണ്ണയില്‍നിന്നുള്ള വരുമാനം നിയന്ത്രിക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ശ്രമിച്ചവരികയാണ്. അതിനെ മറികടക്കാനുള്ള നീക്കം റഷ്യയുടെ ഭാഗത്തുനിന്നും തുടരുന്നു. യുദ്ധം തുടങ്ങിയതിനുശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 123 ഡോളറിന് മുകളിലെത്തിയിരുന്നു. ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് 82 ഡോളറിലേയ്ക്ക് വില കുറഞ്ഞെങ്കിലും പിന്നീട് 14ശതമാനത്തിലധികം വര്‍ധനവുണ്ടായി. ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.