അഞ്ച് ലക്ഷം സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് ഹോങ്കോംഗ്

കോവിഡ് മഹാമാരിയില്‍ തകര്‍ന്ന ടൂറിസം വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് ഹോങ്കോംഗ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ അഞ്ച് ലക്ഷത്തോളം വിമാന ടിക്കറ്റുകളാണ് ഹോങ്കോംഗ് സൗജന്യമായി നല്‍കുന്നത്. ചൈനയുടെ ‘സീറോ-കോവിഡ്’ നയങ്ങള്‍ പിന്തുടര്‍ന്നതിനാല്‍ അടുത്തിടെ വരെ ഹോങ്കോങ്ങില്‍ കഠിനമായ ക്വാറന്റൈന്‍ നിയമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യാന്‍ ഇനി ക്വാറന്റൈന്‍ ആവശ്യമില്ല.

കോവിഡില്‍ മുങ്ങിയ വിനോദ സഞ്ചാര മേഖലയെ ഉണര്‍ത്താനായി ശ്രമിക്കുന്നുണ്ടെന്നും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു എന്നും ഹോങ്കോങ്ങിന്റെ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് പറഞ്ഞു. ഇതിനായി 254.8 ദശലക്ഷം ഡോളര്‍ ചെലവഴിക്കാന്‍ പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

2020-ല്‍ വ്യോമയാന വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഹോങ്കോംഗിലെ എയര്‍ലൈനുകളില്‍ നിന്ന് ഏകദേശം 500,000 വിമാന ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങിയതായും എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് വ്യക്തമാക്കി. ഹാങ്കോങ്ങിനെ വീണ്ടും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താനും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും നടപടികള്‍ ഉണ്ടാകുമെന്ന് ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ പറഞ്ഞു.

Related posts