റിപ്പോ നിരക്ക് വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും നിക്ഷേപ പലിശ ഉയര്‍ത്തി തുടങ്ങി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വന്‍കിട ബാങ്കുകള്‍ നേരിയതോതിലാണ് വര്‍ധന പ്രഖ്യാപിച്ചതെങ്കില്‍ ചെറുകിട ബാങ്കുകള്‍ എട്ടുശതമാനത്തിന് മുകളിലേയ്ക്ക് പലിശ ഉയര്‍ത്തി. സഹകരണ ബാങ്കുകളും നിക്ഷേപ പലിശ വര്‍ധിപ്പിച്ചു.
സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഫിന്‍കെയര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.25ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും പലിശ ലഭിക്കും. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആകട്ടെ 888 ദിവസത്തെ നിക്ഷേപത്തിന് 7.50ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ അര ശതമാനം അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്നു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.25ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75ശതമാനം പലിശയും ലഭിക്കും.
കേരളത്തിലെ സഹകരണ മേഖലയിലയില്‍ മുക്കാല്‍ ശതമാനംവരെയാണ് പലിശ വര്‍ധന. കേരള ബാങ്കില്‍ രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപ പലിശ നിലവിലെ ആറില്‍നിന്ന് 6.75ശതമാനമായി കൂട്ടി. മറ്റ് സഹകരണ ബാങ്കുകള്‍ ഒരുവര്‍ഷത്തിന് മുകളിലുള്ള പലിശ 7.75ശതമാനവുമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധിക പലിശയും ലഭിക്കും.