ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. ഫുള്‍ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയര്‍ത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവര്‍ധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്.
ഉത്സവ സീസണില്‍ പാലിന്റെയും ക്രീമിന്റെയും വില വര്‍ധിപ്പിച്ചത് അമുലിനെതിരെ വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുല്‍ എന്ന പേരില്‍ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ആണ്.
വില വര്‍ധിപ്പിച്ചതോടെ ഫുള്‍ ക്രീം പാലിന്റെ വില ഇപ്പോള്‍ ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റില്‍ അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് 2 രൂപയാണ് അന്ന് വര്‍ദ്ധിപ്പിച്ചത്.