ടെസ്റ്റ് പ്രിപ്പറേഷന്‍ പ്ലാറ്റ്ഫോമായ ദീക്ഷയുടെ ഭൂരിഭാഗം ഓഹരിയും 330 കോടി രൂപയ്ക്ക് ഏറ്റെടുത്ത് എഡ്ടെക് കമ്പനിയായ വേദാന്തു. കര്‍ണാടക കേന്ദ്രമാക്കി ബോര്‍ഡ്, മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ദീക്ഷ. ഈ ഏറ്റെടുക്കലിലൂടെ, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളിലായി ദീക്ഷ നടത്തുന്ന 40 -ഓളം ഓഫ്ലൈന്‍ സെന്ററുകളിലേക്ക് കമ്പനിയുടെ ഹൈബ്രിഡ് ബിസിനസ്സ് മോഡല്‍ വ്യാപിപ്പിക്കാനാണ് വേദാന്ത ലക്ഷ്യമിടുന്നത്. 2014-ല്‍ സമാരംഭിച്ച വേദാന്തു കെ-12, ടെസ്റ്റ് പ്രിപ്പറേഷന്‍ സെഗ്മെന്റുകളിലുടനീളം വ്യക്തിഗത, ഗ്രൂപ്പ് ക്ലാസുകള്‍ നല്‍കുന്നു. യൂണികോണ്‍ പദവി നേടുന്ന അഞ്ചാമത്തെ എഡ്ടെക് സ്റ്റാര്‍ട്ടപ്പാണിത്. നിക്ഷേപത്തോടനുബന്ധിച്ച് ഏകദേശം പതിമൂവായിരത്തോളം വിദ്യാര്‍ത്ഥികളെ ദീക്ഷ വേദാന്തുവിന്റെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരും. കരാറിന്റെ ഭാഗമായി, 950 ഓളം ജീവനക്കാരുള്ള ദീക്ഷ ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കുന്നത് തുടരുകയും നിലവിലുള്ള സ്ഥാപകര്‍ നേതൃത്വം നല്‍കുകയും ചെയ്യും. 1988-ല്‍ ഡോ ശ്രീധര്‍ ജിയും ലളിത് ശ്രീധറും ചേര്‍ന്നാണ് ദീക്ഷ ആരംഭിച്ചത്. ഒരു ക്ലാസ് മുറിയില്‍ നിന്ന് കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 20 കാമ്പസുകളായി ഇത് വളര്‍ന്നു. 60,000 കുട്ടികള്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിരുന്നതായി ദീക്ഷ അവകാശപ്പെടുന്നു.