സംസ്ഥാന അതിര്‍ത്തിയിലുള്ള, മോട്ടര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ സേവനം 21 മുതല്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറ്റും. കേരളത്തിനകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ്, നികുതി തുടങ്ങി 5 സേവനങ്ങളാണ് ചെക്ക് പോസ്റ്റുകളിലുണ്ടായിരുന്നത്. ഈ സേവനങ്ങള്‍ക്കായി വാഹന്‍ സോഫ്റ്റ്വെയറില്‍ പ്രത്യേക ചെക്ക് പോസ്റ്റ് മൊഡ്യൂള്‍ ലഭ്യമാണ്.
സേവനങ്ങളെല്ലാം വാഹനിലേക്കു മാറ്റുന്നതിന് സൗകര്യമൊരുക്കിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്നു നിര്‍ദേശം മാസങ്ങള്‍ക്കു മുന്‍പുതന്നെ നല്‍കിയിരുന്നു. എന്നാല്‍ കേരളം മെല്ലെപ്പോക്കിലായിരുന്നു. ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയാല്‍ സര്‍ക്കാരിന്റെ വരുമാനം കുറയുമെന്നായിരുന്നു വാദം. ഇപ്പോഴും ഇവ നിര്‍ത്തലാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.